തിരുവനന്തപുരം:മന്ത്രി കെ. രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. വട്ടിയൂര്‍കാവ് കാച്ചാണി സ്വദേശി അജിത്തിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടിക ജാതി വകുപ്പിന്റെ കരാര്‍ ജോലികള്‍ ഏറ്റെടുക്കുന്ന ഇയാള്‍ തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
പട്ടിക ജാതി ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഫണ്ട് തരപ്പെടുത്തികൊടുക്കാന്‍ കമ്മിഷന് തട്ടുന്ന ഇയാള്‍ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് അടക്കം മന്ത്രിയുടെ ഓഫീസ് പരാതി നല്‍കിയിരുന്നു. ഒരാൾ ഓഫിസിലേക്ക് വിളിച്ച് തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് നടപടികള്‍ കടുപ്പിച്ചതോടെയാണ് തനിക്ക് നേരെ ഭീഷണി ഉണ്ടായതെന്ന് മന്ത്രി അറിയിച്ചു.