തിരുവനന്തപുരം: കിഫ്‌ബി പദ്ധതി നിർദേശങ്ങൾ വേണ്ടെന്ന് എംഎൽഎമാർക്ക് കത്തയച്ചത് ബജറ്റ് നിർദേശങ്ങളിൽ ഉൾപ്പെടാതിരിക്കാനെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് തയ്യാറാക്കുമ്പോൾ കിഫ്ബി പദ്ധതികൾ പരിഗണിക്കാറില്ല. ബജറ്റിൽ ഉൾപ്പെടുത്തേണ്ട പദ്ധതികൾ നിർദേശിക്കാനായി എംഎൽഎമാർക്ക് അയക്കുന്ന കത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലും ഇതേ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എംഎൽഎമാർക്ക് അയച്ച കത്തിന്‍റെ പേരിൽ കിഫ്‌ബി കുഴപ്പത്തിൽ എന്ന് പ്രചരിപ്പിക്കുന്നത് ശരിയായ നടപടിയല്ല. കഴിഞ്ഞ ഒന്നര വർഷം കൊണ്ട് 18,000 കോടി രൂപയുടെ ബില്ലുകൾ കിഫ്‌ബിയിൽ പാസാക്കിയിട്ടുണ്ട്. കൃത്യമായ പദ്ധതി പുരോഗതിയുമുണ്ട്. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കിഫ്‌ബിയ്‌ക്ക് ആവശ്യമായ ഫണ്ട് ഉറപ്പാക്കിയിട്ടുണ്ട്. കിഫ്‌ബി സമാഹരിക്കുന്ന തുക സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി, കടമെടുക്കുന്നത് വൻതോതിൽ വെട്ടിക്കുറയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമം സംസ്ഥാനത്തെ ഗൗരവമായി ബാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും വികസന ക്ഷേമ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന പ്രതിസന്ധിയില്ല.