തിരുവനന്തപുരം :സംസ്ഥാനത്ത് തുടര്‍ച്ചയായി ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. നടപടികള്‍ വൈകുന്നത് കൊണ്ടാണ് ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കപ്പെടുന്നത്. നിശ്ചിത സമയത്തിനകം തന്നെ ഉദ്യോഗസ്ഥര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
ഷവര്‍മ പോലുള്ള ഭക്ഷണ സാധനങ്ങള്‍ ഹോട്ടലില്‍ വച്ച് കഴിക്കണം. ഇത്തരം ഭക്ഷണ സാധനങ്ങള്‍ പാഴ്‌സല്‍ കൊടുക്കുന്നത് നിര്‍ത്തുന്നത് നന്നാകും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ തുടര്‍ പരിശോധന കര്‍ശനമാക്കുമെന്നും സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാസർകോട് കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ പെൺകുട്ടി മരിച്ച സംഭവത്തെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതി (19) ആണ് മരിച്ചത്. ഹോട്ടലിൽ നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്.