തിരുവനന്തപുരം:സംസ്ഥാനത്ത് ജയ അരി ഉടനെ കിട്ടില്ലെന്നും ആന്ധ്രയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ജയ അരി കിട്ടാൻ നാല് മാസമെടുക്കുമെന്നും ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു. സംസ്ഥാനത്തെ അരി വില വര്‍ധന നിയന്ത്രണവുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്‍റെ അധ്യക്ഷതയിൽ നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധന; ആന്ധ്രയില്‍ നിന്നും ഉത്പന്നങ്ങൾ വാങ്ങാന്‍ ധാരണയായെന്ന് മന്ത്രി ജി ആര്‍ അനില്‍ 'നിലവിൽ ജയ അരി സ്റ്റോക്കില്ല. കേരളത്തിന് അരി വേണമെന്ന് കർഷകരെ അറിയിക്കും. കൃഷി ഇറക്കി അരിയുണ്ടാക്കി കേരളത്തിലെത്തിക്കുമെന്നും' കെ പി നാഗേശ്വര റാവു പറഞ്ഞു.
'ആവശ്യമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ആന്ധ്രയില്‍ നിന്ന് വാങ്ങാൻ ധാരണയായതായി മന്ത്രി ജി ആർ അനിൽ പറഞ്ഞു. ജയ അരി, കടല, വൻപയർ, മല്ലി എന്നീ ഉത്പന്നങ്ങൾ വില കുറച്ച് തരാമെന്ന് ചർച്ചയിൽ തീരുമാനമായി. ജയ അരി അടക്കം ആറ് ഭക്ഷ്യ ഉത്‌പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് എടുത്ത് ലഭ്യമാക്കുമെന്നും' മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി.
'ഈ സീസണിൽ ലഭിക്കുന്നവ ഡിസംബറോടെ കേരളത്തിൽ എത്തിക്കും. യഥാർഥ ജയ ഉത്പന്നങ്ങൾ മാർക്കറ്റിൽ കൊണ്ടുവരും. ക്വാളിറ്റി കൂടിയ ഉത്പന്നം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും'.
'3840 മെട്രിക് ടൺ ജയ അരിയാണ് പ്രതിമാസം ആവശ്യം. ഇതിന്‍റെ വില പിന്നീട് തീരുമാനിക്കും. കേരളത്തിൽ അരി വിലയിലുണ്ടാകുന്ന വർധന കുറെയേറെ തടയാനാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും' മന്ത്രി പറഞ്ഞു.