തിരുവനന്തപുരം: മൃഗശാലയിൽ വിവിധ ഇനങ്ങളിലായി 12 പക്ഷിമൃഗാദികളെ കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കർണാടകയിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്നാണ് മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുവരുന്നത്. ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, വെള്ള മയിൽ, യമു, രണ്ട് ജോഡി കാട്ടുകോഴി എന്നിവയാണ് മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ച് കൊണ്ടുവരുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മൃഗങ്ങളുടെ കൈമാറ്റത്തിന് അംഗീകാരം: പുതിയ അതിഥികൾ മെയ് മാസത്തോടെ തിരുവനന്തപുരം മൃഗശാലയിൽ എത്തും. മൃഗങ്ങളുടെ കൈമാറ്റത്തിന് കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ശ്രീ വെങ്കിടേശ്വര മൃഗശാലയിലേക്ക് പകരമായി ചില മൃഗങ്ങളെയും നൽകും.
നാല് കഴുതപ്പുലികൾ, ഒരു ജോഡി ഹിപ്പോപൊട്ടാമസ്, മൂന്ന് ജോഡി പന്നി മാനുകൾ, രണ്ട് ജോഡി സാം ബിയറുകൾ എന്നിവയാണ് പകരമായി നൽകുന്നത്. ജൂൺ മാസത്തിൽ ഹരിയാന മൃഗശാലയിൽ നിന്ന് രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെ കൂടി എത്തിക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം സീബ്രാ ഉൾപെടെയുള്ള മൃഗങ്ങളെ എത്തിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മൃഗങ്ങള്‍ രോഗം ബാധിച്ച് ചത്ത സംഭവത്തില്‍ പരിശോധന: അതേസമയം, മൃഗശാലയിൽ മാനുകളും കൃഷ്‌ണമൃഗങ്ങളും ക്ഷയരോഗം ബാധിച്ച് ചത്ത സംഭവത്തിന് പിന്നാലെ മൃഗശാല ജീവനക്കാരിൽ പരിശോധന നടത്തി. ഒരു മൃഗത്തിന് പോലും ക്ഷയരോഗ ബാധ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ സ്‌റ്റഡീസാണ് പരിശോധന നടത്തിയത്. മൃഗങ്ങൾക്ക് ഇത്തരത്തിലുള്ള അസുഖം പിടിപെട്ടാൽ അവ മരണപ്പെടും.