തിരുവനന്തപുരം : ആര്യങ്കാവിൽ നിന്ന് പിടിച്ചെടുത്ത പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉണ്ടായിരുന്നുവെന്നും കാലിത്തീറ്റയിലെ മായം തടയാൻ ബില്‍ കൊണ്ടുവന്നിരുന്നുവെന്നും ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി. നിയമ സഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് പ്രതികരണം. 12 മണിക്കൂറിനുശേഷം വീണ്ടും പരിശോധിച്ചത് കൊണ്ടാണ് പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്താൻ സാധിക്കാതിരുന്നത്.
പരിശോധനയിലും നിയമനടപടിയിലും ക്ഷീരവകുപ്പിന് കൂടി അധികാരം വേണം. കാലിത്തീറ്റയിലെ മായം തടയാൻ നിയമം നടപ്പിലാക്കിയ മറ്റ് സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിയിരുന്നുവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കാലിത്തീറ്റയിലെ മായത്തില്‍ കര്‍ശന നടപടി : സംസ്ഥാനത്ത് കാലിത്തീറ്റയിലെ മായം കാരണം പശുക്കൾ ചത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മായം ചേർത്ത കാലിത്തീറ്റകള്‍ കേരളത്തിൽ കൊണ്ടുവന്നുവെന്ന് മനസിലായാൽ കർശന നടപടിയുണ്ടാകും. ഇവർക്കുനേരെ കർശന ശിക്ഷാനടപടികൾ ഉൾപ്പടെ നല്‍കാന്‍ കഴിയുന്ന തരത്തിലാകും നിയമം നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.
ഉടമകൾക്ക് നഷ്‌ടപരിഹാരം :വേനൽ എത്തുമ്പോൾ കന്നുകാലികൾക്ക് ഉണ്ടാകുന്ന ചർമമുഴ പ്രതിരോധിക്കാൻ മരുന്നുകൾ മൃഗാശുപത്രികൾ വഴി വിതരണം ചെയ്യാനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ച പശുക്കളുടെ ഉടമകൾക്ക് 30,000 രൂപ നഷ്ടപരിഹാരം നല്‍കും. പ്രായം കുറഞ്ഞ പശുവിന് പതിനാറായിരം രൂപയും, പശുക്കുട്ടിക്ക് 5,000 രൂപയും വീതം നൽകും.
മറുപടി നല്‍കാതെ കേന്ദ്രം :നിലവിൽ ക്ഷീര കർഷകർ തൊഴിലുറപ്പ് പദ്ധതിയിലില്ല. ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.