ഗതാഗതി മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട് സംസാരിക്കുന്നു തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ജനുവരി മാസത്തെ ശമ്പളം ബുധനാഴ്‌ചയ്‌ക്കകം നൽകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ശമ്പള വിതരണത്തിനായുള്ള സർക്കാർ സഹായം വൈകും. ബദൽ മാർഗം സ്വീകരിക്കുമെന്നും ആന്‍റണി രാജു വ്യക്തമാക്കി.
ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി 30 കോടി രൂപയാണ് ധന വകുപ്പ് ഈ മാസം കെഎസ്ആർടിസിക്ക് അനുവദിച്ചത്. 20 കോടി രൂപ കൂടി ആവശ്യപ്പെട്ട് മാനേജ്മെന്‍റ് ധന വകുപ്പിന് കത്തയച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിന് ബദൽ മാർഗം സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയത്. ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പള വിതരണത്തിന് 82 കോടി രൂപയാണ് വേണ്ടത്.
കെഎസ്‌ആര്‍ടിസിയെ വിമര്‍ശിച്ച് മന്ത്രി:കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള വിതരണത്തിന് നിരന്തരം സർക്കാർ സഹായം തേടുന്ന മാനേജ്മെന്‍റിനെതിരെ വിമര്‍ശനവുമായി ആന്‍റണി രാജു. മുഴുവന്‍ പൊതുമേഖല സ്ഥാപനങ്ങളും സ്വന്തം കാലിൽ നിൽക്കണം. സർക്കാർ സഹായത്തിന് പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിക്ക് സർക്കാർ സഹായം നിർത്തലാക്കിയിട്ടില്ല. അധിക വരുമാനം കണ്ടെത്താൻ മാനേജ്മെന്‍റ് ശ്രമിക്കുന്നുണ്ട്. ജീവനക്കാരെ വിശ്വാസത്തിലെടുത്തെ മുന്നോട്ട് പോകൂ. ശമ്പളം ബുധനാഴ്‌ചയ്ക്ക് മുൻപ് നൽകാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങാതെ നൽകിയിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് വലിയ മാറ്റമാണ് കെഎസ്ആർടിസിയിൽ ഉണ്ടായത്. ജീവനക്കാരുടെ അഭിപ്രായം സർക്കാർ കേൾക്കുമെന്നും ആന്‍റണി രാജു പറഞ്ഞു.
നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി:റോഡുകളുടെ കുറുകെയും വശങ്ങളിലും അലക്ഷ്യമായി കേബിളുകൾ ഇടുന്നത് കൊണ്ടും അനിയന്ത്രിതമായി കുഴികൾ കുഴിക്കുന്നത് മൂലവും ഓടയില്‍ സ്ലാബുകള്‍ കൃത്യമായി ഇടാത്തത് കൊണ്ടും ഉണ്ടാകുന്ന അപകടങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് നാളെ കൊച്ചിയിൽ ബന്ധപ്പെട്ട അധികൃതരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ കർശനമായ നടപടി ഉണ്ടാകും. പൊതുനിരത്തുകളിൽ മദ്യപിച്ചും ലൈസൻസ് ഇല്ലാതെയും വാഹനം ഓടിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ ജീവനാണ് സർക്കാരിന് പ്രധാനം. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന്‍റെ ഉത്തരവാദിത്തം ബസ് ഉടമകൾക്ക് കൂടിയാണ്. ലഹരി ഉപയോഗിക്കുന്ന ഡ്രൈവർമാരെ നിയോഗിക്കുന്നത് ഇവരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
വാഹനങ്ങളിൽ അഗ്നിബാധ ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നു. സ്‌കൂൾ ബസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് തിങ്കൾ മുതൽ വെള്ളി വരെ ഓപ്പറേഷൻ സേഫ് സ്‌കൂള്‍ എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുമെന്നും ആന്‍റണി രാജു പറഞ്ഞു. അതേസമയം ഓപ്പറേഷൻ സേഫ് സ്‌കൂളിന്‍റെ ഭാഗമായി തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിൽ എൻഫോഴ്‌സ്മെന്‍റ് ആർടിഒ അജിത് കുമാറിന്‍റെ നേതൃത്വത്തിൽ ബസുകളുടെ പരിശോധന നടത്തി.
മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്‌ടർമാരും അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരും സംഘത്തിലുണ്ടായിരുന്നു. സ്‌കൂള്‍ ബസുകളിലെ സ്‌പീഡ് ഗവർണറുകൾ, ജിപിഎസ് സംവിധാനം, ഫയർ എക്സ്റ്റിഗ്യൂഷറുകൾ, ബാറ്ററികളുടെ കാര്യക്ഷമത, കാലപഴക്കം തുടങ്ങിയ കാര്യങ്ങൾ കർശനമായി പരിശോധിക്കുമെന്ന് എൻഫോഴ്‌സ്മെന്‍റ് ആർടിഒ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
also read:കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം: ഈ മാസം 14ന് യോഗം വിളിച്ച് ഗതാഗത മന്ത്രി