തിരുവനന്തപുരം:കെഎസ്‌ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ പദവി ഒഴിയാൻ ബിജു പ്രഭാകർ സന്നദ്ധത അറിയിച്ചുവെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. ബിജു പ്രഭാകറിന്‍റെ രാജി സന്നദ്ധത സംബന്ധിച്ച വിവരം പത്ര വാർത്തയിലൂടെയാണ് അറിഞ്ഞത്. സിഎംഡിയുമായി കൂടിക്കാഴ്‌ച നടത്താറുണ്ട് എന്നാൽ രാജി സംബന്ധിച്ച കാര്യം സംസാരിച്ചിട്ടില്ലെന്ന് ആന്‍റണി രാജു പറഞ്ഞു.
കെഎസ്ആർടിസിക്ക് ധനസഹായം 30 കോടിക്ക് പുറമെ 20 കോടി രൂപ കൂടി നൽകണം. എന്നാൽ അത് നൽകാൻ ധനവകുപ്പിന് കഴിയുന്നില്ല. അടുത്ത മാസത്തെ ശമ്പളം നൽകുന്നതിന് ധനവകുപ്പിന് ഡ്രാഫ്റ്റ് നൽകിയിട്ടുണ്ട്. സർക്കാർ സഹായിച്ചാൽ മാത്രമേ ശമ്പളം കൃത്യമായി നൽകാൻ സാധിക്കൂ. 50 കോടി കൃത്യമായി നൽകിയാൽ ശമ്പളം കൃത്യമായി നൽകാം. രണ്ടാംഘട്ട ശമ്പളം നൽകുന്നതിനായി ഡ്രാഫ്റ്റ് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ധനവകുപ്പ് ഈ നയം തുടർന്നാൽ ഓണത്തിന് ജീവനക്കാർക്ക് ശമ്പളവും അലവൻസും കൊടുക്കാൻ കഴിയില്ലെന്നും അതിനാൽ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് തുടരാൻ സാധിക്കില്ലെന്നും തന്നെ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകർ ഗതാഗത മന്ത്രിയെ സമീപിച്ചതായാണ് വിവരം. ഗതാഗത മന്ത്രിയേയും ചീഫ് സെക്രട്ടറിയേയും ബിജു പ്രഭാകർ രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. കെഎസ്ആർടിസിയിലെ ശമ്പള വിതരണ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബിജു പ്രഭാകറിന്‍റെ നീക്കം.