'തന്‍റെ രാഷ്‌ട്രീയ ഭാവി ഇല്ലാതാക്കാൻ ബോധപൂർവം കെട്ടിച്ചമച്ച സംഭവം'; തൊണ്ടിമുതല്‍ കേസിലെ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കിയതില്‍ മന്ത്രി ആന്‍റണി രാജു തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും തന്നെ വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെയെന്നും മന്ത്രി ആന്‍റണി രാജു. 1990ൽ ഉണ്ടായ സംഭവമാണിതെന്നും സംഭവത്തിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന് അന്നേ പറഞ്ഞിരുന്നുവെന്നും ആന്‍റണി രാജു ആരോപിച്ചു.
രാഷ്‌ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ശ്രമം:'തന്‍റെ രാഷ്‌ട്രീയ ഭാവി ഇല്ലാതാക്കാൻ ബോധപൂർവം രാഷ്‌ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് അന്നേ പറഞ്ഞിരുന്നു. യുഡിഎഫിന്‍റെ കാലത്ത് രണ്ട് തവണ കേസ് അന്വേഷിച്ചപ്പോൾ താൻ നിരപരാധിയാണെന്നും തനിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നും കോടതിയിൽ റിപ്പോർട്ട് നൽകിയതാണ്. 2006ൽ തന്‍റെ സ്ഥാനാർഥിത്വം പോലും നഷ്‌ടമായി.
താന്‍ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച ഒരു മുന്‍ മന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയും തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണിത്. എന്നാല്‍, രാഷ്‌ട്രീയമായി തന്നെ വേട്ടയാടാന്‍ ശ്രമിച്ചവരോട് ദൈവം ക്ഷമിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. തുടര്‍ന്ന് കേസ് അന്വേഷിച്ച് യഥാര്‍ഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കുന്നതിന് തനിക്ക് പ്രശ്‌നമില്ല' എന്നും മന്ത്രി പറഞ്ഞു.
കുറ്റക്കാരെ കണ്ടെത്തട്ടെ:'ഇപ്പോള്‍ സത്യം ജയിച്ചിരിക്കുന്നു. കേസും അന്വേഷണവും കോടതി റദ്ദാക്കിയതിൽ സന്തോഷമുണ്ട്. തുടരന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തട്ടെയെന്നും' ആന്‍റണി രാജു പറഞ്ഞു. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം.
ആന്‍റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്. സംഭവത്തിൽ പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്നായിരുന്നു ആന്‍റണി രാജു ഉന്നയിച്ച വാദം. ഇക്കാര്യത്തില്‍ മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്നും ആന്‍റണി രാജു വാദം ഉന്നയിച്ചു.
അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും കേസെടുക്കുന്നതിന് ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ 1994ലാണ് മന്ത്രിക്കെതിരെ പൊലീസ് കേസ് എടുത്തത്.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ: ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നായിരുന്നു കേസ്. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ചാണ് ഓസ്ട്രേലിയക്കാരൻ അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി പൊലീസിന്‍റെ പിടിയിലാകുന്നത്. കേസിൽ സെഷൻസ് കോടതി പ്രതിയെ ശിക്ഷിച്ചിരുന്നു.
അപ്പീലിൽ പ്രതിയെ ഹൈക്കോടതി വെറുതേവിട്ടു. അടിവസ്‌ത്രം പ്രതിക്ക് പാകമാകുന്നതല്ലെന്ന വിലയിരുത്തലിലാണ് വെറുതെ വിട്ടത്. തുടർന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങിയ പ്രതി ഒരു കൊലപാതകക്കേസിൽ അറസ്‌റ്റിലാവുകയും ചെയ്‌തു.
ഇതിന് പിന്നാലെയാണ് തൊണ്ടിമുതൽ മാറ്റിയ സംഭവം പുറത്തുവരുന്നത്. വിദേശിയെ കേസിൽനിന്നു രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്‌ത്രം മുറിച്ച് 10 വയസുകാരന്‍റേതാക്കി മാറ്റിയെന്നായിരുന്നു ആന്‍റണി രാജുവിനെതിരെ ഉയർന്ന ആരോപണം. 2002ൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് ശ്രമം നടത്തിയതായും ആക്ഷേപം ഉയർന്നിരുന്നു. കേസ് രജിസ്‌റ്റർ ചെയ്‌ത് 29 വർഷം പിന്നിട്ടു.