തിരുവനന്തപുരം: നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് അനാവശ്യമാണെന്ന് മന്ത്രി ആൻ്റണി രാജു. പരീക്ഷ നടക്കുന്ന ഘട്ടത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതാണ് നിലവിലെ സമരമെന്നും അദ്ദേഹം പറഞ്ഞു.
വൈകാതെ നിരക്ക് വർധന നടപ്പിലാക്കുമെന്ന് ബസുടമകൾക്ക് അറിയാം. ബസ് ചാർജ് വർധന സംബന്ധിച്ച വിശദമായ പഠനം നടന്നിട്ടുണ്ട്. ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.
ബസുടമകളുടെ സമ്മർദം കൊണ്ടാണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് വരുത്തിതീർക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ആൻ്റണി രാജു ആരോപിച്ചു. സമരത്തെ നേരിടാൻ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.