ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട് തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്കാെപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്യുമ്പോൾ 12 വയസിന് മുകളിലാണെന്ന് വ്യക്തമായാൽ മാത്രമേ പിഴ ഈടാക്കാൻ പാടുള്ളൂ എന്ന് മോട്ടോർ വാഹന വകുപ്പിന് കർശന നിർദേശം നൽകിയതായി ഗതാഗത മന്ത്രി ആൻ്റണി രാജു. ഒരു തരത്തിലും ഭയപ്പെടേണ്ടതില്ലെന്നും എ ഐ കാമറ ജനങ്ങൾ നല്ല രീതിയിൽ സ്വാഗതം ചെയ്‌തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സംശയത്തിന്‍റെ നിഴൽ പോലും ഉണ്ടെങ്കിൽ അത്തരം കേസുകളെ പിഴയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്ന് ജനങ്ങള്‍: 'ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ പദ്ധതി. ഇത് ആവശ്യമാണെന്നും വേഗത്തിൽ നടപ്പിലാക്കണമെന്നുമാണ് ജനങ്ങളുടെ പ്രതികരണം. എന്നാൽ, നിയമം പാലിക്കുന്നവർക്ക് ഭയപ്പെടേണ്ടതില്ല'.
'നിയമം ലംഘിക്കുന്നവർ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ. എ ഐ കാമറ പിഴ ഈടാക്കാൻ ആരംഭിച്ചതിനു ശേഷം പൊലീസ് വാഹനങ്ങളിലുള്ളവര്‍ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്‌ത വിവരം ലഭിച്ചപ്പോള്‍, സീറ്റ് ബെൽറ്റ് കാറുകളിൽ മുൻ സീറ്റിൽ ഇരിക്കുന്നവർക്ക് മാത്രമാണ് ബാധകം ഉള്ളതെന്നും അത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാൽ പരിഹാരം ഉണ്ടാക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഐപികളെ പിഴയിൽ നിന്നും ഒഴിവാക്കുമെന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. മന്ത്രിമാരുടെ വാഹനങ്ങളെ സംബന്ധിച്ച് അമിതവേഗത മാത്രമാണ് ബാധകമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു'.
'ഇതിൽ കേന്ദ്ര നിയമത്തിന്‍റെ പരിധിയിൽ നിന്ന് മാത്രമേ ഇളവുകൾ അനുവദിക്കുകയുള്ളു. ഇന്ന് രാവിലെ എട്ട് മണി മുതലാണ് എഐ കാമറകൾ വഴി പിഴ ഈടാക്കി തുടങ്ങിയത്. 726 കാമറകളിൽ 692 എണ്ണം ആണ് പ്രവർത്തനസജ്ജം'.
സജ്ജീകരണം ഇങ്ങനെ:'കിഴക്കേകോട്ടയിലെ ട്രാൻസ്പോർട്ട് ഭവനിലാണ് എ ഐ കാമറയുടെ സെൻട്രൽ കൺട്രോൾ റൂം. ജില്ല കൺട്രോൾ റൂമും ഇവിടെ തന്നെയാണ് പ്രവർത്തിക്കുന്നത്. എ ഐ കാമറ കണ്ടെത്തുന്ന നിയമലംഘനം സെൻട്രൽ കൺട്രോൾ റൂമിലെ സെർവറിലേക്കാണ് ആദ്യം എത്തുന്നത്'.
'ഇവിടെ നിന്നുമാണ് ജില്ല കൺട്രോൾ റൂമിലേക്ക് എത്തുന്നത്. ജില്ലാ കൺട്രോൾ റൂമിലെത്തുന്ന നിയമലംഘനങ്ങൾ കെൽട്രോൺ ഉദ്യോഗസ്ഥർ പരിശോധിച്ച് വ്യക്തമാക്കിയ ശേഷമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് കൈമാറുന്നത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നിയമലംഘനം വീണ്ടും പരിശോധിക്കുകയും ഇ- ചെലാൻ വഴി നിയമലംഘനം നടത്തിയ ആൾക്ക് എസ്എംഎസ് സന്ദേശം അയക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി'.
'പിന്നീടാകും തപാൽ വഴി പിഴ നോട്ടിസ് അയക്കുക. നിയമലംഘനത്തിനുള്ള പിഴ നോട്ടിസ് ലഭിച്ചാൽ ഒരു മാസത്തിനകം പിഴ അടയ്ക്കാനാണ് നിർദേശം. അന്നന്നുള്ള നിയമലംഘനങ്ങളുടെ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി ആൻ്റണി രാജു നിർദേശം നൽകിയിട്ടുണ്ട്. എ ഐ കാമറകൾ വന്നതിനു പിന്നാലെ ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും ഒരു പരിധിവരെ കുറഞ്ഞു' എന്നാണ് കണക്കുകൾ നിരത്തി ഇന്നലെ ഗതാഗത മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.