തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ തള്ളിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്വിഫ്റ്റിനെതിരെയുള്ള പ്രചരണങ്ങള്‍ വ്യാജമാണ്. സർക്കാർ പറഞ്ഞ കാര്യങ്ങൾ ശരി വെയ്ക്കുന്നതാണ് ഹൈക്കോടതി വിധി. കെ.എസ്.ആർ.ടി.സിയുടെ നിലനിൽപിന് സ്വിഫ്റ്റ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സ്വിഫ്റ്റ്, കെഎസ്ആർടിസിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടും ഒരു വിഭാഗം ഇതിനെ സ്വകാര്യ വത്കരിക്കുന്നുവെന്നും സ്വതന്ത്ര കമ്പനിയെന്നുമുള്ള പ്രചണങ്ങൾ നടത്തുന്നു. ഇത്തരം വ്യാജ പ്രചരണങ്ങളാണ് ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായത്. പുറത്ത് നിന്നും വാടകയ്ക്ക് എടുക്കുന്നത് പോലെ കെഎസ്ആർടിസിയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റിലെ വാഹനങ്ങളും വാടകയ്ക്കാണ് എടുക്കുന്നത്.
ചിലവ് കുറച്ച് സർവീസ് നടത്തുന്നു. കിട്ടുന്ന വരുമാനം എല്ലാം കെഎസ്ആർടിസി അക്കൗണ്ടിലേക്ക് അടയ്ക്കും. ഇങ്ങനെ എല്ലാത്തരത്തിലും കെഎസ്ആർടിസിക്ക് സഹായം നൽകുമ്പോൾ സ്വകാര്യ കമ്പനിയാണെന്നും, കെഎസ്ആർടിസിയെ തകർക്കാൻ വേണ്ടിയെന്നും വ്യാപകമായ പ്രചാരണം ആണ് നടത്തി വന്നത്. കോടതി വിധി വന്നതോടെ ഇനിയെങ്കിലും വ്യാജ പ്രചാരണം നിർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.