തിരുവനന്തപുരം : കോൺഗ്രസ് തീരദേശത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്‍റണി രാജു. മുതലപ്പൊഴി വിഷയത്തിൽ സംസാരിച്ച ആന്‍റണി രാജു, സമരത്തിന് ആഹ്വാനം ചെയ്‌തത് ലത്തീൻ സഭ അല്ലെന്നും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ എന്ന സാമുദായിക സംഘടനയാണെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കേരള ലാറ്റിൻ കോൺഗ്രസ് അസോസിയേഷനായി മാറി.
കോൺഗ്രസുകാരാണ് ഈ സംഘടനയുടെ നേതൃത്വത്തിലുള്ളത്. ആളുകളെ ചൂഷണം ചെയ്‌ത് സംഘർഷം ഉണ്ടാക്കി വികസനം അട്ടിമറിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. തീരദേശ ജനതയെ സർക്കാരിനെതിരെ തിരിക്കാൻ കോൺഗ്രസ് ബോധപൂർവമായി ശ്രമിക്കുകയാണ്.
സമുദായ സംഘടനയെ രാഷ്‌ട്രീയമായി ഉപയോഗിച്ചാൽ ജനം അത് തള്ളിക്കളയും. പ്രതിപക്ഷ നേതാവ് ആളുകളെ ഇളക്കി വിടാൻ ശ്രമിച്ചു. സതീശൻ മുതലപ്പൊഴിയിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. അവിടേക്ക് തിരിച്ചിട്ടും പ്രതിഷേധം ഭയന്ന് മടങ്ങി പോകുകയായിരുന്നു.
കോൺഗ്രസ് ശ്രമം പ്രശ്‌നമുണ്ടാക്കി വോട്ട് നേടൽ :തീരപ്രദേശത്ത് വികസനം തടയാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി തീരദേശത്ത് കോൺഗ്രസിന് വിജയിക്കാൻ കഴിയുന്നില്ല. പ്രശ്‌നമുണ്ടാക്കി വോട്ട് നേടാനാണ് കോൺഗ്രസ് ശ്രമം. അതേസമയം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയ്‌ക്കെതിരായ കേസ് നിയമത്തിന്‍റെ വഴിക്ക് പോട്ടെയെന്നും പൊലീസ് അന്വേഷണം പൂർത്തിയായ ശേഷമേ എന്ത് തീരുമാനം സ്വീകരിക്കാൻ കഴിയും എന്ന് പറയാനാകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.