തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ (KSRTC) ശമ്പളം (Salary) ധനവകുപ്പ് പണം അനുവദിച്ചാല്‍ ഉടന്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു (Antony raju). ഓണം അലവന്‍സ് (Onam allowance) സംബന്ധിച്ച പ്രശ്‌നത്തിന് മാനേജ്‌മെന്‍റ് യൂണിയന്‍ ചര്‍ച്ചയിലൂടെ പരിഹാരമാകും. സർക്കാർ തീരുമാനം കെഎസ്ആർടിസിയെ പരമാവധി സഹായിക്കുകയാണെന്നും ധനവകുപ്പ് പണം ഉടൻ അനുവദിക്കുമെന്നും ഇങ്ങനെ വന്നാല്‍ ഉടൻ ശമ്പളം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി (Financial crisis) മൂലമാണ് പണം സമയബന്ധിതമായി അനുവദിക്കാനാകാത്തത്. അതേസമയം ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. കൂപ്പൺ അംഗീകരിക്കാനാകില്ലെന്നും ശമ്പളം പണമായി തന്നെ നൽകണമെന്നും കോടതി വ്യക്തമാക്കി. ശമ്പളത്തിനും അലവൻസിനുമായുള്ള 40 കോടി രൂപ സഹായധനം സംബന്ധിച്ച് തീരുമാനം അറിയിക്കണമെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
സഹായം നല്‍കുന്നത് വൈകിപ്പിക്കുന്നത് എന്തിന് (High court on delaying salary): കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും വിതരണം ചെയ്യാത്തതിനാലാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വീണ്ടും വിമര്‍ശനം ഉണ്ടായത്. ശമ്പളം പണമായി തന്നെ നല്‍കണമെന്ന് കര്‍ശന നിലപാടെടുത്ത ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സിംഗിള്‍ ബെഞ്ച് കൂപ്പണ്‍ രീതി അനുവദിക്കില്ലെന്നും ഓര്‍മ്മിപ്പിച്ചു. ധനസഹായം നല്‍കിയാലെ ശമ്പളം വിതരണം ചെയ്യാനാകുവെന്ന് സര്‍ക്കാരിനറിയാം. പിന്നെന്തിനാണ് സഹായം നല്‍കുന്നത് വൈകിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
കെഎസ്‌ആര്‍ടിസിയെ സ്വകാര്യവത്‌കരിക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്നും ഒരു ഘട്ടത്തില്‍ കോടതി ചോദ്യമുന്നയിച്ചു. കഴിഞ്ഞ വര്‍ഷവും ഓണത്തിന് ശമ്പളം നല്‍കമെന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍, ഉത്തരവിനെതിരെ അപ്പീല്‍ പോവുകയാണ് സര്‍ക്കാര്‍ ചെയ്‌തത്.