തിരുവനന്തപുരം:വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ശ്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ ഇടുക്കി ചിന്നക്കനാൽ മേഖലയിലെ അപകടകാരിയായ അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 150 പേർ ജീവൻ പണയപ്പെടുത്തിയാണ് ദൗത്യത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാർക്ക് നൽകുക എന്നാണ് സർക്കാർ നിലപാട്. വന്യമൃഗങ്ങൾ ഒരിക്കലും ജീവനക്കാരുടെ മുൻപിൽ പോയി നിന്നു കൊടുക്കില്ലെന്നും രാത്രി മുഴുവൻ കാവിലിരുന്നവർ ഒരു മണിക്കൂർ കണ്ണ് ചിമ്മി പോയതിനാണ് ഇന്നലെ ഇത്രയും പ്രശ്‌നങ്ങളെല്ലാം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ സഹകരിക്കണം:ജനങ്ങളെ രക്ഷിക്കാനാണ് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആനയെ പിടിക്കണമെങ്കിൽ നിരോധനാജ്ഞയുമായി ജനങ്ങള്‍ സഹകരിക്കണം. അരിക്കൊമ്പനെ പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം.എന്നാല്‍ ആനയെ പിടികൂടി കാട്ടിലേക്ക് അയക്കണമെന്ന് സർക്കാരിന് വാശിയില്ല. ഒന്നോ രണ്ടോ ആനയെ പിടിച്ചത് കൊണ്ട് വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരമാവില്ല. മറ്റ് മാർഗങ്ങളില്ലാതെ വരുമ്പോഴാണ് ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ അരിക്കൊമ്പനെ കണ്ടെത്താനായിട്ടുണ്ടെന്നും എന്നാലത് ദുഷ്‌കരമായ മേഖലയാണെന്നും ഉചിതമായ സ്ഥലത്തേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. വന്യമൃഗത്തെ പിടിക്കുന്നത് വരച്ചു വച്ച പ്ലാൻ പ്രകാരം നടക്കണമെന്നില്ല. അത് അവരുടെ ആത്മവിശ്വാസം തകർക്കാൻ കാരണമാകും. ഉദ്യോഗസ്ഥർ കടുത്ത സമ്മർദ്ദത്തിലാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ശ്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്നും മന്ത്രി പറഞ്ഞു.