കേരളം

kerala

By

Published : Feb 1, 2023, 1:27 PM IST

ETV Bharat / state

വന്യമൃഗ ആക്രമണം: കേന്ദ്രനിയമത്തെ പഴിച്ച് മന്ത്രി, സഭ വിട്ട് പ്രതിപക്ഷം

വന്യമൃഗ ആക്രമണം സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിലാണ്, വിഷയത്തിലെ നടപടിയ്‌ക്ക് തടസം കാലഹരണപ്പെട്ട കേന്ദ്ര നിയമമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടിയത്

AK Saseendran on wild animal attack kerala  Minister AK Saseendran on wild animal attack  മന്ത്രി എകെ ശശീന്ദ്രന്‍  വാക്കൗട്ട് നടത്തി പ്രതിപക്ഷം  വനംമന്ത്രി എകെ ശശീന്ദ്രന്‍
വാക്കൗട്ട് നടത്തി പ്രതിപക്ഷം

തിരുവനന്തപുരം:സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളില്‍ തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ നഷ്‌ടപ്പെടുന്ന സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതിന് കാലഹരണപ്പെട്ട കേന്ദ്ര നിയമമാണ് തടസമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍. പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫ് നോട്ടിസ് നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ്, കേന്ദ്ര വന്യജീവി സംരക്ഷണ നിയമം എന്നിവയ്ക്കനുസരിച്ച് മാത്രമേ സംസ്ഥാനത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ഈ നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഒരു ശ്രദ്ധക്ഷണിക്കലെങ്കിലും പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ തയ്യാറായിട്ടില്ല. സ്ഥിതി അതീവ ഗുരുതരമായതിന്‍റെ പശ്ചാത്തലത്തില്‍ ആനകളുടെയും കടുവകളുടെയും സെന്‍സസ് അടിയന്തരമായി നടത്താന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

'ശാസ്ത്രീയ പഠനങ്ങള്‍ ആവശ്യം':കടുവകളെ പിടികൂടി പറമ്പിക്കുളം, പെരിയാര്‍ എന്നിവിടങ്ങളിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണ്. ആനകളെയും പിടികൂടി പുനരധിവസിപ്പിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വന്യമൃഗ ആക്രണങ്ങളില്‍ സംസ്ഥാനത്ത് 637 പേര്‍ മരണമടഞ്ഞിട്ടുണ്ട്. പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തത് കൊണ്ടാണ് യാഥാര്‍ഥ്യമായി തന്നെ സര്‍ക്കാര്‍ കാണുന്നത്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

വിമര്‍ശിച്ച് പ്രതിപക്ഷം:മനുഷ്യരെ കൊല്ലുമ്പോള്‍ മാത്രമെ ആനകളെയും കടുവകളെയും പിടികൂടുകയുള്ളൂ എന്ന നിലപാണ് വനം വകുപ്പിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. സംസ്ഥാനത്തെ വന്യമൃഗങ്ങളെ സംബന്ധിച്ച ഡേറ്റ ബാങ്കുപോലും വനംവകുപ്പിന്‍റെ കൈയിലില്ല. ഇത്രയും അരക്ഷിതമായ അവസ്ഥ ഉണ്ടായ അവസരം ഇതിനുമുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടില്ല.

ജനങ്ങള്‍ മരണ ഭീതിയില്‍ കഴിയുമ്പോള്‍ സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ABOUT THE AUTHOR

...view details