തിരുവനന്തപുരം: എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസിന്‍റെ പരാതിയില്‍ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. എംഎൽഎയാകാന്‍ തോമസ് കെ തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻസിപിയില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു. തോമസ് കെ തോമസിനെ കൊലപ്പെടുത്താൻ ശ്രമം നടന്നുവെങ്കിൽ അത് അപലപനീയമാണെന്നും മന്ത്രി തലസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
തോമസ് കെ തോമസിനെ കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശവും അദ്ദേഹത്തിനുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. അതിൽ ഏതെങ്കിലും തരത്തിൽ പാർട്ടിയുമായി ബന്ധമുള്ള ആർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവരെ ഒരു കാരണവശാലും പാർട്ടി സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയെ മാറ്റണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് തനിക്കറിയില്ല. ആവശ്യപ്പെട്ടുവെങ്കിൽ അത് പാർട്ടി സ്വീകരിച്ചുവെന്ന് കരുതാൻ വഴിയില്ല. പിസി ചാക്കോയെ കുറിച്ച് പരാതിയുണ്ടെങ്കിൽ ദേശിയ നേതൃത്വത്തെ അറിയിക്കണമായിരുന്നു. അത്തരം പ്രശ്‌നം ദേശീയ തലത്തിൽ പരിഹരിക്കപ്പേടണ്ടതാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
വെട്ടിത്തുറന്ന് മന്ത്രി:'തോമസ് കെ തോമസ് സംസ്ഥാന നേതൃത്വത്തെ അംഗീകരിക്കുന്നില്ല. അങ്ങനെ ഒരു പാർട്ടി പ്രവർത്തകനും ഒരു പാർട്ടിയിലും തുടരാൻ സാധിക്കില്ല. അതൊക്കെ മനസിലാക്കാൻ കഴിയുന്നതുകൊണ്ടാണോ കഴിയാത്തത് കൊണ്ടാണോ തോമസ് കെ തോമസ് ബാലിശമായ കാര്യങ്ങൾ പറയുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല. കാര്യങ്ങൾ ദേശീയ അധ്യക്ഷനെ അറിയിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
ഇത്രയും ബാലിശമായ വാദങ്ങൾ ഉന്നയിക്കാൻ മാത്രമുള്ള രാഷ്ട്രീയ പരിചയം മാത്രമെ തനിക്കുള്ളൂവെന്ന് തോമസ് പരോക്ഷമായി സമ്മതിക്കുകയാണ്. അദ്ദേഹം കുറച്ചു നാളുകളായി ചെയ്‌തുകൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും പാർട്ടിയെ പൊതുജനങ്ങൾക്കിടയിലും പ്രവർത്തകർക്കിടയിലും അവഹേളിക്കാനും തെറ്റിദ്ധാരണ പരത്താനും സഹായിക്കുന്ന പ്രവർത്തനങ്ങളാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് സാധിക്കില്ല.