തിരുവനന്തപുരം: ലോക കേരള സഭ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലന്‍. പ്രതിപക്ഷത്തിന് യഥാര്‍ഥത്തില്‍ എന്തോ അസുഖമുണ്ടെന്നും 33 കെവി സബ് സ്റ്റേഷനിലെ കറണ്ട് കൊണ്ട് പ്രതിപക്ഷത്തിന്‍റെ അസുഖം ഭേദപ്പെടുത്താനാവില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. ലോക കേരള സഭയുടെ ഒന്നാം മേഖല സമ്മേളനം ദുബായിയില്‍ നടന്നിരുന്നു അതും സ്‌പോണ്‍സര്‍ഷിപ്പില്‍ ആയിരുന്നു. രണ്ടാമത് ലണ്ടനില്‍ നടന്നപ്പോഴും സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടായിരുന്നു.
ഇപ്പോള്‍ ഇത് വിവാദമാകാന്‍ കാരണം ഒരു കെപിസിസി സെക്രട്ടറി ഇപ്പോള്‍ ജയിലിലാണ്. അമ്പത് കോടിയുടെ തട്ടിപ്പാണ് നടത്തിയത്. ഇന്നേവരെ ഇയാളുടെ പേരില്‍ നടപടിയെടുത്തിട്ടില്ല. അത് കേരളീയ സമൂഹത്തിന് മുന്‍പില്‍ സജീവമായ ചര്‍ച്ചയാകുമെന്ന് വന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇപ്പോള്‍ എല്‍ഡിഎഫിനെ കേന്ദ്രീകരിച്ച് ലോക കേരള സഭയുടെ സമ്മേളനത്തില്‍ കൊണ്ടെത്തിച്ചത് എന്നും എ കെ ബാലന്‍ പറഞ്ഞു.
2014 ല്‍ 66,000 കോടി രൂപയുടെ വൈദ്യുതി നാല് കമ്പനികളില്‍ നിന്നും വാങ്ങിയതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷന്‍ ഇപ്പോള്‍ അത് റദ്ദ് ചെയ്‌തിരിക്കുകയാണ്. കേരളത്തിന് 5000 കോടി രൂപയുടെ നഷ്‌ടമുണ്ടായതായാണ് റെഗുലേറ്ററി കമ്മിഷന്‍ ഇക്കാര്യത്തില്‍ പറഞ്ഞത്. ഇത് വന്നതോടെയാണ് ഇപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
സ്‌പോണ്‍സര്‍ എന്നാല്‍ എന്താണെന്ന് മനസിലാക്കണം. അവരുടെ യാത്ര, താമസം, ഭക്ഷണം അവരുടെ കമ്പനിയുടെ പരസ്യം. ഡിജിറ്റല്‍ വാളുകളില്‍ പശ്ചാത്തല സംഗീതത്തോട് കൂടിയാണ് പരസ്യം. കേരളത്തിലെ പ്രധാന പത്രങ്ങളിലെല്ലാം രണ്ട് പേജ് പരസ്യം നല്‍കാന്‍ ഒരു കോടിയില്‍ കൂടുതലാകും. ഇതെല്ലാം കൂടി 82 ലക്ഷമാണ് ഒരു ഭാഗത്ത് നിന്ന് വാങ്ങുന്നത്. ഇതില്‍ എന്താണ് തെറ്റ്. എന്താണ് അപാകത. പണ്ട് ഇവര്‍ ആരും വാങ്ങിയിട്ടില്ലേ എന്നും എ കെ ബാലന്‍ ചോദിച്ചു.
കേരളവുമായി ബന്ധപ്പെട്ടുള്ള ഒരു പരിപാടി വിദേശത്ത് നടക്കുമ്പോള്‍ കേരള സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്നും ഇന്നത്തെ സാഹചര്യത്തില്‍ പണമെടുക്കാനാവില്ല. അപ്പോള്‍ സ്വഭാവികമായും രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിക്കുമ്പോള്‍ എന്തിനാണ് അസൂയ. ഇത് വിവിധ രാജ്യങ്ങളുടെ മലയാളികളുടെ കുടുംബ സംഗമമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ ഇതിന്‍റെ ആരംഭം മുതല്‍ ലോകത്തെ മുഴുവന്‍ മലയാളികളും വലിയ രീതിയില്‍ സ്വീകരിച്ചതാണ്. പ്രതിപക്ഷം ഇതിന്‍റെ എല്ലാ സമ്മേളനങ്ങളും ബഹിഷ്‌കരിക്കുകയാണ്.