തിരുവനന്തപുരം:കെ-റെയിൽ പദ്ധതി സംബന്ധിച്ച് ആശങ്കയുള്ള പ്രചരണം നടക്കുകയാണെന്ന് മന്ത്രി വി.അബ്‌ദു റഹ്മാൻ നിയമസഭയിൽ. അനാവശ്യമായി ജനങ്ങളിൽ ഉത്കണ്ഠയുണ്ടാക്കുന്ന രീതിയിലുള്ള വലിയ പ്രചരണങ്ങളാണ് നടക്കുന്നത്. മലബാർ മേഖലയിൽ 100 മീറ്റർ സ്ഥലം ഏറ്റെടുക്കുന്നുവെന്നും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തെറ്റാണെന്നും 25 മീറ്റർ സ്ഥലം മാത്രമാണ് ഏറ്റെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കാര്യങ്ങൾ കൃത്യമായി പഠിക്കാത്തത് കൊണ്ടാണ് പദ്ധതിക്കെതിരെ അനാവശ്യ പ്രചരണം നടക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിച്ച ശേഷമേ സർക്കാർ മുന്നോട്ട് പോവുകയുള്ളൂ. പദ്ധതി മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ട്. പഠന റിപ്പോർട്ട് സംസ്ഥാനത്തിന് ലഭിച്ചാലുടൻ തന്നെ ഇക്കാര്യം പുറത്തു വിടും.
കെ-റെയിൽ പദ്ധതി; ആശങ്കയുള്ള പ്രചരണം നടക്കുന്നുവെന്ന് മന്ത്രി അബ്‌ദു റഹ്മാൻ ALSO READ:കൊവിഡ് മരണസംഖ്യയിൽ കള്ളക്കളി; നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. സർവേ നടത്തുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ തന്നെ സംവിധാനമുണ്ടാക്കി. ജനങ്ങളുമായി സഹകരിച്ച് പദ്ധതി യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമം. തലമുറകളുടെ ആവശ്യമാണ് ഈ പദ്ധതിയെന്നും നിയമസഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി വ്യക്തമാക്കി.
അതേസമയം ശബരി റെയിൽപാത സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി മറുപടി നൽകി. റിവേഴ്‌സ് എസ്റ്റിമേറ്റ് സമർപ്പിക്കാൻ റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാനുള്ള പണം സംസ്ഥാനം നൽകും. പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും. എത്രയും വേഗത്തിൽ പദ്ധതി യാഥാർഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.