തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ നേരിടുന്ന തൊഴില്‍ ചൂഷണം പരിഹരിക്കുന്നതിനും മിനിമം വേതനം ഉറപ്പു വരുത്തുന്നതിനും പുതിയ നിയമ നിര്‍മ്മാണം സജീവ പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അണ്‍എയ്‌ഡഡ് സ്‌കൂളുകളിലെ അനധ്യാപകര്‍ക്ക് നല്‍കേണ്ട മിനിമം വേതനവും സേവന വ്യവസ്ഥകളും നിശ്ചയിച്ച് ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍, സ്‌കൂളുകളില്‍ പൊതുവില്‍ നടത്തുന്ന പരിശോധനകളില്‍ ജീവനക്കാര്‍ക്ക് ഇപ്രകാരം വേതനം അനുവദിക്കുന്നുണ്ടോ എന്ന കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ നടപടി എടുത്തുവരുന്നുണ്ട്. നിലവില്‍ വ്യക്തമായ നിയമത്തിന്‍റെ അഭാവത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.