തിരുവനന്തപുരം: പച്ചക്കറിക്ക് തറവില (അടിസ്ഥാന വില) പ്രഖ്യാപിച്ച സർക്കാർ നിലപാട് സ്വാഗതം ചെയ്‌ത് കർഷകർ. 16 ഇനം വിളകൾക്കാണ് കേരളപ്പിറവി ദിനം മുതൽ തറവില നിലവിൽ വന്നത്. വിലയിടിവുണ്ടാകുന്ന ഘട്ടത്തിൽ കനത്ത നഷ്‌ടം നേരിടേണ്ടി വരുമ്പോൾ തറവില വലിയ തോതിൽ ആശ്വാസമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറിയ്ക്ക് തറവില പ്രഖ്യാപിക്കുന്നത്.
ഒരു സീസണിൽ പരമാവധി 15 ഏക്കർ സ്ഥലത്തെ കൃഷിക്കാണ് ആനുകൂല്യം ലഭിക്കുക. വിപണിവില നിശ്ചിത വിലയേക്കാൾ കുറഞ്ഞാൽ കൃഷി വകുപ്പ് കർഷകരിൽ നിന്ന് വിളവ് സംഭരിച്ച് തറവില കർഷകന്‍റെ അക്കൗണ്ടിൽ നൽകും. തറവില ഏർപ്പെടുത്തിയ തീരുമാനം ആശ്വാസകരമെന്നാണ് കർഷകരുടെ പൊതുവെയുള്ള വിലയിരുത്തൽ. നേന്ത്രക്കായ 30, വയനാടൻ നേന്ത്രക്കായ 24, ഉരുളക്കിഴങ്ങ് 20, കാരറ്റ് 21, മരച്ചീനി 12, വെണ്ട 20, കുമ്പളങ്ങ 9, പാവയ്ക്ക 30, തക്കാളി 8, കൈതച്ചക്ക 15, വെളുത്തുള്ളി 139, പടവലം 30, വെള്ളരി 8, കാബേജ് 11, ബീറ്റ്റൂട്ട് 21, ബീൻസ് 28, പയർ 34 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിലെ തറവില.