തിരുവനന്തപുരം:നാവിക സേനയുടെ യുദ്ധകപ്പലുകളുടെ ചെറു രൂപങ്ങൾ നിർമിച്ച് ശ്രദ്ധേയനാവുകയാണ് പത്താം ക്ലാസുകാരനായ ബി. ആരോമൽ. വിഴിഞ്ഞം തെന്നൂർക്കോണം സ്വദേശിയായ ആരോമൽ നിർമിച്ച കപ്പലുകളുടെ രൂപം കണ്ട് നാവിക സേന തന്നെ അഭിനന്ദനവുമായി എത്തുകയും ചെയ്തു.
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ ഇന്ത്യൻ നാവിക സേനയുടെ എല്ലാ യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും ചെറു രൂപങ്ങൾ ആരോമൽ നിർമിച്ചിട്ടുണ്ട്. വെറുതെ രൂപങ്ങൾ ഉണ്ടാക്കുക മാത്രമല്ല, ഓരോ കപ്പലുകളെക്കുറിച്ചും വിശദമായി പഠിക്കുകയും ചെയ്യുന്നുണ്ട് ആരോമൽ.
ആറാലുംമൂട് ശ്രീ വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്‌കൂൾ വിദ്യാർഥിയായ ആരോമൽ നാല് മാസം മുമ്പാണ് കപ്പലുകളുടെ നിർമാണത്തിലേക്ക് കടക്കുന്നത്. കാർഡ്‌ബോർഡും പേപ്പറും ഉപയോഗിച്ചാണ് കപ്പൽ നിർമാണം. ഇന്ത്യയുടേതിന് പുറമെ അമേരിക്കൻ നാവികസേനയുടെ യുഎസ്‌എസ് സൂം വാൾട്ട്, യുഎസ്‌എസ് ജറാൾഡ് എന്നിവയുടെ കുഞ്ഞൻ മോഡലുകളും ആരോമലിന്‍റെ കരവിരുതിൽ ഒരുങ്ങിയിട്ടുണ്ട്.