തിരുവനന്തപുരം :ജയില്‍ ജീവിതം എങ്ങനെയാണ് ? അവിടുത്തെ ഭക്ഷണവും താമസ രീതിയും ഏതുതരത്തിലാണ് ? എന്നിങ്ങനെ നിരവധി സംശയങ്ങളും ചില തെറ്റിദ്ധാരണകളും സാധാരണക്കാര്‍ക്കുണ്ട്. ജയിൽവാസത്തെ കുറിച്ച് 'കറുത്ത' ഭാവനകളുള്ളവരാണ് ഭൂരിഭാഗം പേരും. എന്നാൽ യഥാർഥ രീതികൾ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ജയില്‍ വകുപ്പ്.
കനകക്കുന്ന് കൊട്ടാര വളപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ജയിലുകളിലൊന്നായ പൂജപ്പുര സെന്‍ട്രല്‍ ജയിലിന്‍റെ മാതൃക പരിചയപ്പെടാം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഇരുപത് അന്തേവാസികളും 6 ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒരുക്കിയ മിനിയേച്ചര്‍ രൂപമാണ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം.
മുഖ്യമന്ത്രിയുടെ ജയില്‍വാസ ഓര്‍മകളിലൂടെ :ഇന്ന് കേരളത്തിലെ ജയില്‍ വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ തടവുകാരനായി അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ചതിന്‍റെ ഓര്‍മപ്പെടുത്തലും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. അമ്മയുടെ ചികിത്സ ആവശ്യത്തിനായി പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ടിന് അയച്ച കത്താണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ അന്നത്തെ ജയില്‍ വാസത്തിന്‍റെ ഓര്‍മപ്പെടുത്തലായി പ്രദര്‍ശനത്തിനുള്ളത്. അന്ന് കൂത്തുപറമ്പില്‍ നിന്നുള്ള എംഎല്‍എകൂടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രിയായിരിക്കെ സി.അച്യുതമേനോന്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ സന്ദര്‍ശക ഡയറിയിലെഴുതിയ വിശദമായ കുറിപ്പും വിഖ്യാത സഞ്ചാര സാഹിത്യകാരന്‍ എസ്.കെ പൊറ്റക്കാട് 1966ല്‍ രേഖപ്പെടുത്തിയ കുറിപ്പും പ്രദര്‍ശനത്തിലുണ്ട്. അന്തേവാസികളെ കൂട്ടമായും ഏകാന്തമായും പാര്‍പ്പിക്കുന്ന സെല്ലുകളുടെ മാതൃക, ജയില്‍ ജീവിതത്തിന്‍റെ കയ്‌പുനീര്‍ രുചിച്ച കലാകാരന്‍മാരുടെ ശില്‍പങ്ങള്‍. നെല്‍സണ്‍ മണ്ടേല മുതല്‍ ഭഗത് സിങ് വരെയുള്ള വിപ്ലവകാരികള്‍ തങ്ങളുടെ തടവുകാലത്ത് രചിച്ച പുസ്‌തകങ്ങള്‍ തുടങ്ങി തടവറയെ സമഗ്രമായി പരിചയപ്പെടുത്തുകയാണിവിടെ അന്തേവാസികളും ഉദ്യോഗസ്ഥരും.