തിരുവനന്തപുരം:രാജ്യാന്തര ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന രീതിയില്‍ മാറാന്‍ ഒരുങ്ങി മില്‍മ. റീ പൊസിഷനിങ് മില്‍മ എന്ന പദ്ധതിയിലൂടെ വമ്പന്‍ ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന രീതിയില്‍ പാക്കിങ്, ഡിസൈന്‍, ഗുണനിലവാരം എന്നിവ മെച്ചപെടുത്തിയാണ് മില്‍മ പരിഷ്‌കരണത്തിന് തയാറെടുക്കുന്നത്. മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് എല്ലായിടത്തും ഏകീകൃത ഗുണനിലവാരവും അളവും ഇതിലൂടെ ഉറപ്പു വരുത്തും.
നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ പാല്‍, തൈര്, നെയ്യ്, ഫ്‌ലേവേഡ് മില്‍ക് എന്നീ ഉത്‌പന്നങ്ങളാണ് ഏകീകരിക്കുക. എന്നാല്‍ പരിഷ്‌കരണം കൊണ്ട് വിലയില്‍ മാറ്റമുണ്ടാകില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. കൂടാതെ കനത്ത ചൂട് കാരണം നഷ്‌ടം നേരിടുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും കെ എസ് മണി പറഞ്ഞു.
മില്‍മ മലബാര്‍ മേഖല യൂണിയനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. വയനാട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ആറുദിവസം രേഖപ്പെടുത്തിയാല്‍ പശു ഒന്നിന് 140 രൂപയാണ് ഇൻഷുറൻസ് തുകയായി ലഭിക്കുക. 25 ദിവസം ഇതേ നില തുടര്‍ന്നാല്‍ 2000 രൂപയാണ് ലഭിക്കുക.
also read:കെഎസ്ആർടിസി ജീവനക്കാര്‍ക്ക് രണ്ടാം ഗഡു ശമ്പളം വൈകുന്നതിൽ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ
കർഷകർ അടക്കേണ്ട പ്രീമിയം തുകയായ 100 രൂപയില്‍ 50 രൂപ മേഖല യൂണിയന്‍ വഹിക്കും. ചൂട് കാരണം പാല്‍സംഭരണത്തില്‍ കഴിഞ്ഞമാസം അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തിയെന്നും കെ എസ് മണി വ്യക്തമാക്കി.