തിരുവനന്തപുരം: ഡിസംബര്‍ 1 മുതല്‍ മില്‍മ പാലിന് ലിറ്ററിന് ആറ് രൂപ വര്‍ധിക്കുമെന്ന് മില്‍മ ചെയർമാൻ കെഎസ് മണി അറിയിച്ചു. വര്‍ധിക്കുന്ന ഓരോ രൂപയില്‍ നിന്നും 88 പൈസ കര്‍ഷകനു ലഭിക്കും. മില്‍മയുടെ അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കും.
ലിറ്ററിന് 8.57 രൂപ വര്‍ധിപ്പിക്കണമെന്ന് ഇക്കാര്യം പഠിക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ഭയന്നാണ് വര്‍ധന ആറ് രൂപയില്‍ ഒതുക്കിയത്. അതേ സമയം ക്ഷീരകര്‍ഷകരുടെ പേരില്‍ അടിക്കടി മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നെങ്കിലും ഈ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
മില്‍മ പാലിന്‍റെ വില വര്‍ധനയ്‌ക്കൊപ്പം മില്‍മയും സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്‌സും കാലിതീറ്റ വില വര്‍ധിപ്പിക്കുന്നത് പതിവാണ്. ഇതു മൂലം വില വര്‍ധനയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് നഷ്‌ടപ്പെടുത്തുന്ന സ്ഥിതിയാണ് എല്ലാ കാലത്തും. മാത്രമല്ല, പുറത്ത് ലിറ്ററിന് 50 രൂപ പാലിന് വിലയുള്ളപ്പോള്‍ മില്‍മയാകട്ടെ ഇപ്പോഴും 35-37 രൂപ നിരക്കിലാണ് കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുന്നത്.
ഇപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് അനുസരിച്ചാണെങ്കില്‍ കര്‍ഷകര്‍ക്ക് ഏകദേശം 5.50 രൂപ കര്‍ഷകര്‍ക്കു ലഭിക്കേണ്ടതാണ്. എന്നാല്‍ പാല്‍ വില വര്‍ധിക്കുമ്പോള്‍ വില നിശിചയിക്കുന്ന മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് പഴയ വില തന്നെ നല്‍കുന്ന പറ്റിക്കല്‍ തന്ത്രമാണ് മില്‍മ കാലാകാലങ്ങളായി പയറ്റുന്നതെന്നതാണ് അനുഭവമെന്ന് ക്ഷീരകര്‍ഷകര്‍ ആരോപിക്കുന്നു.