മിൽമ വിലവർധന അറിയിച്ചില്ലെന്ന് മന്ത്രി ചിഞ്ചുറാണി തിരുവനന്തപുരം/ കൊല്ലം: മിൽമ പാൽ വിലയിൽ വീണ്ടും വർധന. മഞ്ഞ, പച്ച കവറുകളിലുള്ള പാലിനാണ് ഒരു രൂപ വീതം വില കൂടുന്നത്. ഇതോടെ 29 രൂപയുണ്ടായിരുന്ന മിൽമ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മിൽമ സ്‌മാർട്ടിന് 25 രൂപയുമാവും. നാളെ മുതലാണ് വില പ്രാബല്യത്തിൽ വരിക.
അതേസമയം, നീല കവർ പാൽ വിലയിൽ മാറ്റം ഉണ്ടാവില്ല. ഇവയ്ക്ക് കുറഞ്ഞ അളവിൽ മാത്രമേ ആവശ്യക്കാരുള്ളൂ എന്നാണ് മിൽമ അധികൃതർ പറയുന്നത്. അഞ്ചുമാസം മുമ്പ് പാൽ വില ലിറ്ററിന് ആറുരൂപ നിരക്കിൽ വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വില വർധന. രണ്ടുമാസം മുമ്പ് നീല കവറിന് വില കൂട്ടിയിരുന്നു.
റീ പൊസിഷനിങ് മിൽമ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഭാഗമായാണ് നിലവിലെ മാറ്റമെന്നാണ് മിൽമ അറിയിച്ചിരിക്കുന്നത്. വില കൂട്ടിയതല്ല സംസ്ഥാനമാകെ ഏകീകൃത പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള നീക്കമാണ് ഇതെന്നുമാണ് മിൽമയുടെ വിശദീകരണം.
ഉത്പന്നങ്ങളെ അന്താരാഷ്ട്ര കമ്പനികളോടും സഹകരണ മേഖലയോടും മറ്റും കിടപിടിക്കുന്ന തരത്തിലേക്ക് മാറ്റുക എന്നതാണ് റീ പൊസിഷനിലൂടെ മിൽമ ലക്ഷ്യംവയ്ക്കുന്നത്. ഇതിലൂടെ മിൽമയുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും ഒറ്റ മുഖമായി മാറും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ടത്തിൽ പാൽ, തൈര്, നെയ്യ്, ഫ്ലവേർഡ് മിൽക്ക് എന്നിവയാണ് ഏകീകരിക്കുക.
വിലവർധന അറിഞ്ഞില്ലെന്ന് മന്ത്രി : അതേസമയം മിൽമയുടെ വിലവർധന തങ്ങളെ അറിയിച്ചില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പ്രതികരിച്ചു. വിലവർധനയ്ക്കുള്ള അധികാരം മിൽമയ്ക്ക് തന്നെയാണെന്നും എന്നാൽ പെട്ടെന്നുള്ള വിലവർധനയുടെ മേൽ സർക്കാർ വിശദീകരണം തേടുമെന്നും ഇക്കാര്യം പരിശോധിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.
ഉൽപാദനം വർധിപ്പിക്കാൻ സർക്കാരിന്‍റെ ഭാഗത്തു നിന്നുo സഹായം നൽകുന്നുണ്ട്. അതിനാൽ തന്നെ ഇപ്പോൾ വില വർധിപ്പിക്കേണ്ട സാഹചര്യമില്ല. വില വർധനവിന്‍റെ ഗുണം കർഷകർക്ക് ലഭിക്കുമോ എന്ന് മിൽമയോട് തിരക്കണമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്: കനത്ത ചൂട് കാരണം നഷ്‌ടം നേരിടുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് മിൽമ ചെയർമാൻ കെഎസ് മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മില്‍മ മലബാര്‍ മേഖല യൂണിയനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൂട് കാരണം പാൽ സംഭരണത്തില്‍ കഴിഞ്ഞ മാസം അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തിയെന്നും കെഎസ് മണി വ്യക്തമാക്കിയിരുന്നു.
വയനാട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ആറുദിവസം രേഖപ്പെടുത്തിയാല്‍ പശു ഒന്നിന് 140 രൂപയാണ് ഇൻഷുറൻസ് തുകയായി ലഭിക്കുക. 25 ദിവസം ഇതേ നില തുടര്‍ന്നാല്‍ 2,000 രൂപയും ലഭിക്കും. കൂടാതെ കർഷകർ അടയ്‌ക്കേണ്ട പ്രീമിയം തുകയായ 100 രൂപയില്‍ 50 രൂപ മേഖല യൂണിയന്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.