തിരുവനന്തപുരം:സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കണക്കെടുക്കല്‍ നടപടികളുമായി തൊഴില്‍ വകുപ്പ്. രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമായി. ആലുവയില്‍ ആറുവയസുകാരിയെ ബിഹാര്‍ സ്വദേശി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്തുള്ള മുഴുവന്‍ അതിഥി തൊഴിലാളികളുടെയും രജിസ്‌ട്രഷന്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിഥി തൊഴിലാളി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു.
സംസ്ഥാനത്തുള്ള 5706 തൊഴിലാളികളുടെ വിവരങ്ങള്‍ ഇന്ന് അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തു. വരും ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് തൊഴില്‍ വകുപ്പിന്‍റെ ശ്രമം. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. മറ്റു വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായം തേടുമെന്നും ലേബര്‍ കമ്മിഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ വ്യക്തമാക്കി.
അതിഥി മൊബൈല്‍ ആപ്പ് ഉടനെത്തും:അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി രൂപകല്‍പന ചെയ്‌തിട്ടുള്ള അതിഥി മൊബൈല്‍ ആപ്പ് അന്തിമ ഘട്ടത്തിലാണ്. അതിഥി ആപ്പ് നിലവില്‍ വരുന്നതോടെ ക്യാമ്പുകള്‍ക്കും നിര്‍മാണ സ്ഥലങ്ങള്‍ക്കും തൊഴില്‍ വകുപ്പ് ഓഫിസുകള്‍ക്കും പുറമെ ഓരോ അതിഥി തൊഴിലാളിയിലേക്കും നേരിട്ടെത്തുന്ന തരത്തിലുള്ള നടപടികളാകും സ്വീകരിക്കുക.
അതിഥി തൊഴിലാളികള്‍ അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദേശങ്ങള്‍ ലഭ്യമാണ്. രജിസ്ട്രേഷന്‍ ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങള്‍ എന്‍ട്രോളിങ് ഓഫിസര്‍ പരിശോധിച്ച് ഉറപ്പ് വരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.