തിരുവനന്തപുരം :ചാല മാര്‍ക്കറ്റില്‍ തിങ്ങി പാര്‍ക്കുന്ന അതിഥി തൊഴിലാളികളെ സുരക്ഷിതയിടത്തേക്ക് മാറ്റുമെന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ വാഗ്‌ദാനം വാക്കിലൊതുങ്ങി. ഇക്കഴിഞ്ഞ ജനുവരിയിലാണ് അതിഥി തൊഴിലാളികള്‍ക്ക് മന്ത്രി മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യം വാഗ്‌ദാനം ചെയ്‌തത്. ചാല മാര്‍ക്കറ്റിലെ റെയിന്‍ബോ പ്ലാസയില്‍ തിങ്ങി പാര്‍ക്കുന്ന അതിഥി തൊഴിലാളികള്‍ക്കാണ് മന്ത്രി സുരക്ഷിതയിടം വാഗ്‌ദാനം ചെയ്‌തത്. അതിന് കാരണമായാതാകട്ടെ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തം.
മന്ത്രിയെത്തി പാര്‍പ്പിടം വാഗ്‌ദാനം ചെയ്യാനുണ്ടായ സാഹചര്യം :നൂറ് കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന റെയിന്‍ബോ പ്ലാസയിലെ ടെറസില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. ഇതേ തുടര്‍ന്ന് അഗ്‌നി ശമന സേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തൊഴിലാളികള്‍ തീ നിയന്ത്രണ വിധേയമാക്കിരുന്നു.
ടെറസില്‍ തിങ്ങിപ്പാര്‍ക്കുന്ന തൊഴിലാളികളുടെ അവസ്ഥകളെ കുറിച്ചും ടെറസിലെ ദുരിത ജീവിതത്തെ കുറിച്ചുമുള്ള വിവരം അഗ്‌നിശമന സേനയാണ് പുറത്തെത്തിച്ചത്. നൂറുകണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ടെറസില്‍ ഓരോരുത്തര്‍ക്കും ഓരോ ഗ്യാസ് സിലിണ്ടറുകള്‍ വീതമുണ്ട്. അതില്‍ ഒരെണ്ണത്തിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാനായത് വലിയ അപകടമാണ് ഒഴിവാക്കിയത്.
ടെറസിന് തുച്ഛമായ വാടക മാത്രം:റെയിന്‍ബോ പ്ലാസയിലെ ടെറസില്‍ നിരവധി അതിഥി തൊഴിലാളികളാണ് തിങ്ങി പാര്‍ക്കുന്നത്. ആളൊന്നിന് വളരെ തുച്ഛമായ വാടകയാണ് വാങ്ങുന്നത് എന്നതാണ് കൂടുതല്‍ തൊഴിലാളികളെ ഇത്തരം സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളോ അടുക്കളയോ ഇല്ല.
ശുചിമുറിയില്‍ വച്ചാണ് പാചകം ചെയ്യാനുള്ള പച്ചക്കറികളും മറ്റും കഴുകി വൃത്തിയാക്കുന്നത്. ഷീറ്റിട്ട ടെറസിന് സമീപത്ത് കൂടി കടന്നുപോകുന്ന ഇലക്‌ട്രിക് കമ്പികളും ഏറെ അപകട സാധ്യതയുള്ളതാണ്.