തിരുവനന്തപുരം:ജോലി തേടി കേരളത്തിലെത്തിയ അതിഥി തൊഴിലാളികളെ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിക്കുന്നത് ആദ്യമായല്ല. ഇത്തരത്തില്‍ ഭാഗ്യം വന്ന് തട്ടിവിളിച്ചപ്പോള്‍ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ഭയത്തോടെ പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിയെത്തിയ അതിഥി തൊഴിലാളികളുടെ വാര്‍ത്തയും പുത്തരിയല്ല. എന്നാല്‍ ഇത്തരത്തില്‍ സുരക്ഷ തേടി പൊലീസ് സ്‌റ്റേഷനില്‍ ഓടിയെത്തിയവരില്‍ മലയാളികള്‍ മറക്കാനിടയില്ലാത്ത ഒരു പേരാണ് പശ്ചിമ ബംഗാൾ സ്വദേശി ബിർഷു റാബയുടേത്.
രാജകീയ മടക്കം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഫിഫ്‌റ്റി ഫിഫ്‌റ്റി ടിക്കറ്റില്‍ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തനിക്കാണെന്നറിഞ്ഞതോടെയാണ് 'എന്നെ രക്ഷിക്കണം സാറേ..' എന്ന് ഉറക്കെ നിലവിളിച്ച് ബിര്‍ഷു, തമ്പാനൂർ പൊലീസ് സ്‌റ്റേഷനിലെത്തിയത്. ഇതോടെ ബിര്‍ഷുവിന്‍റെ സംരക്ഷണം പൊലീസ് ഏറ്റെടുത്തു. തുടര്‍ന്ന് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ലോട്ടറി അടിച്ച തുകയിൽ നികുതി പണം കുറച്ച് ബാക്കിയുള്ള 66 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തിയതോടെ പൊലീസ് തന്നെ ഇടപെട്ട് ഇയാളെ വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയായിരുന്നു.
സിനിമയിലെ ഹീറോയെ പോലെ നാട്ടിൽ പറന്നിറങ്ങിയ ബിർഷു വൈകാതെ തന്നെ താന്‍ സുരക്ഷിതമായി നാട്ടിലെത്തിയെന്നും ബന്ധുക്കൾക്ക് ഒപ്പം സുഖമായി ഇരിക്കുന്നതായുമറിയിച്ച് സംസ്ഥാന സർക്കാരിനും പൊലീസിനും നന്ദി അറിയിച്ചുള്ള വിഡിയോയും തമ്പാനൂർ സിഐക്ക് അയച്ചുകൊടുകയായിരുന്നു.
ഭാഗ്യം കണ്ടുമുട്ടുന്നത് ഇങ്ങനെ: എട്ട് വർഷം മുമ്പാണ് പശ്ചിമ ബംഗാളിൽ നിന്ന് ജോലി തേടി ബിര്‍ഷു റാബ കേരളത്തിലേക്കെത്തുന്നത്. കെട്ടിട നിർമാണ തൊഴിലാളിയായ ബിർഷു റാബ കഴിഞ്ഞ കൊവിഡ് ലോക്ക്ഡൗൺ സമയത്ത് നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് വീണ്ടും തിരിച്ചെത്തിയത്. അങ്ങനെയിരിക്കെ തമ്പാനൂരിലെ ലോട്ടറി കച്ചവടക്കാരനിൽ നിന്നെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ടിക്കറ്റിന് അപ്രതീക്ഷിതമായി ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ചതോടെ ബിർഷു സന്തോഷിക്കുന്നതിന് പകരം ഭയപ്പാടിലായിരുന്നു. തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ആശങ്ക വര്‍ധിച്ചതോടെ ജൂൺ 28 വൈകിട്ട് നാല് മണിയോടെ ബിർഷു തമ്പാനൂർ സ്റ്റേഷനിൽ അഭയം തേടിയെത്തുകയായിരുന്നു.
സംരക്ഷണം തേടിയെത്തിയ ബിർഷുവിന് എല്ലാ സഹായങ്ങളും സജ്ജമാക്കിയത് എസ്എച്ച്ഒ ആർ പ്രകാശ് നേരിട്ടായിരുന്നു. ഉടന്‍ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചു വരുത്തുകയും സമ്മാനത്തിന് അർഹമായ ടിക്കറ്റ് കൈമാറുകയും ചെയ്‌തു. മാത്രമല്ല ലൂലുമാളിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് പൊലീസ് ഇടപെട്ട് ബിര്‍ഷുവിന് അക്കൗണ്ടും എടുത്തുനൽകി. കൂടാതെ ഭാഗ്യവാനെ തേടിയെത്തിയ മാധ്യമങ്ങളോട്, ബിർഷു ഭയം മൂലമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതെന്നും അദ്ദേഹം സുരക്ഷിതമായ സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നതെന്നുമറിയിച്ച് പൊലീസ് മടക്കി അയയ്‌ക്കുകയായിരുന്നു.
ബിർഷു ഭയം മൂലമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതെന്നും അദ്ദേഹം സുരക്ഷിതമായ സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നിർമാണ തൊഴിലാളിയാണ് ബിർഷു റാബ. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങിയ ബിർഷു മൂന്ന് മാസം മുൻപാണ് തിരിച്ചെത്തിയത്. നിലവിൽ ബിർഷു സന്തോഷവാനാണെന്നും ആർ പ്രകാശ് കൂട്ടിച്ചേർത്തു.
Also Read: 'എന്നെ രക്ഷിക്കൂ സർ'; ഒരു കോടി ലോട്ടറിയടിച്ച അതിഥി തൊഴിലാളി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ