തിരുവനന്തപുരം:എട്ട് വർഷം മുൻപ് പശ്ചിമബംഗാളിൽ നിന്ന് ജോലി തേടി കേരളത്തിലേക്ക് എത്തിയതാണ് ബിർഷു റാബ എന്ന ചെറുപ്പക്കാരൻ. അപ്രതീക്ഷിതമായി ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ചപ്പോൾ സന്തോഷിക്കുന്നതിന് പകരം ഭയപ്പാടിലാണ് ബിർഷു. തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ആശങ്ക.
മറ്റൊന്നും ചിന്തിക്കാതെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച ബിർഷുവിന് എല്ലാ സഹായങ്ങളും സജ്ജമാക്കിയത് എസ്എച്ച്ഒ ആർ പ്രകാശാണ്. ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചു വരുത്തുകയും സമ്മാനത്തിന് അർഹമായ ടിക്കറ്റ് കൈമാറുകയും ചെയ്‌തു. പൊതുജനങ്ങൾക്ക് എന്ത് പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും വിശ്വാസതയോടെ സമീപിക്കാവുന്ന ഏജൻസിയാണ് പൊലീസെന്ന് ആർ പ്രകാശ് ഇടിവി ഭാരതിനോട് പറഞ്ഞു.
ബിർഷു ഭയം മൂലമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതെന്നും അദ്ദേഹം സുരക്ഷിതമായ സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നിർമാണ തൊഴിലാളിയാണ് ബിർഷു റാബ. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങിയ ബിർഷു മൂന്ന് മാസം മുൻപാണ് തിരിച്ചെത്തിയത്. നിലവിൽ ബിർഷു സന്തോഷവാനാണെന്നും ആർ പ്രകാശ് കൂട്ടിച്ചേർത്തു.
സംഭവം ഇങ്ങനെ: ബുധനാഴ്‌ച (ജൂൺ 28) വൈകിട്ട് നാല് മണിയോടെയാണ് ബിർഷു തമ്പാനൂർ സ്റ്റേഷനിൽ അഭയം തേടിയെത്തിയത്. തമ്പാനൂരിലെ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച വിവരം ബുധനാഴ്‌ച വൈകിട്ടാണ് ബിർഷു അറിയുന്നത്. ഭീമമായ തുക ലഭിച്ച തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ഭയമാണ് ബിർഷുവിനെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്.