കേരളം

kerala

ETV Bharat / state

എംജി സർവകലാശാല വിസി ഡോ.സാബു തോമസിന് പുനർനിയമനം നല്‍കാതെ ഗവര്‍ണര്‍ ; 3 പേരുകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം - MG University

എംജി സര്‍വകലാശാല വിസി സ്ഥാനത്തേക്ക് മൂന്ന് പ്രൊഫസര്‍മാരുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് രാജ്‌ഭവന്‍റെ നിര്‍ദേശം. മന്ത്രി ആര്‍ ബിന്ദുവിന്‍റെ പുനര്‍ നിയമന ആവശ്യം ഗവര്‍ണര്‍ തള്ളി

MG University VC Dr Sabu Thomas  Dr Sabu Thomas was not reappointed  എംജി സർവകലാശാല വിസി  സാബു തോമസിന് പുനർ നിയമനം നൽകിയില്ല  ഗവര്‍ണര്‍  മന്ത്രി ആര്‍ ബിന്ദു  MG University  MG University VC
സാബു തോമസിന് പുനർ നിയമനം നൽകിയില്ല

By

Published : May 26, 2023, 9:20 PM IST

തിരുവനന്തപുരം :എംജി സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസിന് പുനർ നിയമനം നൽകാതെ ഗവർണർ. സാബു തോമസിന് പകരം വൈസ് ചാൻസലർ സ്ഥാനത്തേക്ക് മൂന്ന് പ്രൊഫസർമാരുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ച് രാജ്‌ഭവന്‍. വെള്ളിയാഴ്‌ചയാണ് ഇക്കാര്യം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാറിന് കത്ത് അയച്ചത്.

ശനിയാഴ്‌ച വിരമിക്കാനിരിക്കുന്ന സാബു തോമസിന് പകരം ആരെ നിയമിക്കണമെന്ന് ഗവർണർ കഴിഞ്ഞ ആഴ്‌ച സർക്കാറിനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി സാബു തോമസിന് പുനർ നിയമനം നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രോ ചാൻസലറുമായ ഡോ. ആർ ബിന്ദു ഗവർണർക്ക് കത്ത് നൽകി. ഇതിന് മറുപടിയായാണ് ഗവര്‍ണറുടെ നിര്‍ദേശം.

എംജി സർവകലാശാല വിസിയുടെ പ്രായ പരിധി 65 ആയി നിശ്ചയിച്ചതിനാൽ 63 വയസായ ഡോ. സാബു തോമസിൻ്റെ പ്രായം പുനർ നിയമനത്തിന് തടസമല്ലെന്നായിരുന്നു സർക്കാർ വാദം. എന്നാൽ വൈസ് ചാൻസലർ കാലാവധിയായ നാലു വർഷം എന്നതിന് മുൻപ് അദ്ദേഹം വിരമിക്കുമെന്നതിനാലാണ് സാബു തോമസിന്‍റെ പേര് ഗവർണർ തള്ളിയത്. നിയമന നടപടിക്രമം പാലിക്കാത്ത 9 പേരെ, പിരിച്ചുവിടാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയവരിൽ ഉൾപ്പെട്ടയാളാണ് ഡോ. സാബു തോമസ്.

ഇതിന് പുറമേ ആദ്യ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാബു തോമസിനെതിരെയുള്ള ക്വോവറാൻ്റോ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. പുനർ നിയമനം നൽകിയതിന്‍റെ പേരിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോക്‌ടര്‍ ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ നിയമനം ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് മറ്റൊരു വിസിക്ക് കൂടി പുനർ നിയമനം നൽകാൻ സർക്കാർ ഒരുങ്ങിയത്.

വിസി പുനര്‍നിയമനം നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നത് :2019 മെയ് 27 മുതൽ എംജി സർവകലാശാല സ്ഥാനത്ത് തുടരുന്ന സാബു തോമസ് ഗവർണറുടെ നിർദേശപ്രകാരം 2023 മാർച്ചിൽ മലയാളം സർവകലാശാല വിസി സ്ഥാനവും ഏറ്റെടുത്തിരുന്നു. സാബു തോമസിന് പുനർ നിയമനം നൽകുന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിന് സമാനമാണെന്നും സർക്കാർ നിർദേശം അംഗീകരിക്കരുതെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ, അദാലത്തിലൂടെ പരീക്ഷയിൽ തോറ്റ 125 ബിടെക് വിദ്യാർഥികളെ മോഡറേഷൻ നൽകി കൂട്ടത്തോടെ വിജയിപ്പിക്കുന്നതുൾപ്പടെ ചട്ട വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചതിനുള്ള പാരിതോഷികമായാണ് സർക്കാർ സാബു തോമസിന് പുനർ നിയമനംനൽകുവാൻ താത്‌പര്യപ്പെട്ടതെന്നും സമിതി ആരോപിച്ചിരുന്നു.

സാബു തോമസ് വിരമിക്കുന്നതോടെ സംസ്ഥാനത്തെ 9 സർവകലാശാലകളുടെയും തലപ്പത്ത് വിസിമാർ ഇൻചാര്‍ജാകും. സർവകലാശാലകളിൽ ഇൻചാർജ് വിസിമാരും കോളജുകളിൽ ഇൻചാർജ് പ്രിൻസിപ്പൽമാരും തുടരുന്നത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുകയും ഇത്തരത്തിൽ തുടരുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്രമക്കേടുകൾ നടത്തുന്നതിന് വഴിയൊരുക്കുമെന്നും കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തെരഞ്ഞെടുപ്പ് ക്രമക്കേട് ചൂണ്ടിക്കാട്ടി സമിതി ആരോപിച്ചു.

പുതിയ വിസിമാരെ നിയമിക്കുന്നതിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. സെർച്ച് കമ്മിറ്റി രൂപീകരണം സംബന്ധിച്ച് സംസ്ഥാനം അവതരിപ്പിച്ച ബിൽ ഗവർണർ തീരുമാനമെടുക്കാതെ പിടിച്ചുവച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details