തിരുവനന്തപുരം:എംജി യൂണിവേഴ്‌സിറ്റി, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പുതിയ താത്‌കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചു. ഡോ. സിടി അരവിന്ദ കുമാറിന് എംജി യൂണിവേഴ്‌സിറ്റിയുടെയും ഡോ. എൽ സുഷമയ്ക്ക് മലയാളം യൂണിവേഴ്‌സിറ്റിയുടെയുമാണ് ചുമതല. എംജി യൂണിവേഴ്‌സിറ്റി വിസിയായിരുന്ന ഡോ. സാബു തോമസ് വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. നേരത്തെ മലയാളം സർവകലാശാലയിൽ വിസി ഇല്ലാത്തതിനാൽ എംജി സർവകലാശാല വിസി സാബു തോമസിനായിരുന്നു ചുമതല.
ഈ ഒഴിവുകളിലേക്കാണ് പുതിയ താത്‌കാലിക വൈസ് ചാൻസലർമാരെ സർക്കാർ നിയമിച്ചത്. സർക്കാർ നൽകിയ താത്കാലിക വിസി പാനലിൽ നിന്നാണ് പുതിയ വിസിമാരെ ഗവർണർ നിയമിച്ചത്. ഇതുസംബന്ധിച്ച് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചു. മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്‌ത്ര വിഭാഗം പ്രൊഫസറും എംജി യൂണിവേഴ്‌സിറ്റി പ്രൊ. വൈസ് ചാൻസലറുമാണ് ഡോ. സിടി അരവിന്ദ കുമാർ. പൂനെ സർവകലാശാലയിൽ നിന്ന് ഫിസിക്കൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ഫിലോസഫിയിൽ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.
ബെൽജിയം സർവകലാശാലയിൽ നിന്ന് പോസ്റ്റ് ഡോക്‌ടറിൽ റിസർച്ചും കരസ്ഥമാക്കിയിട്ടുണ്ട്. 421 റിസർച്ച് ജേർണലുകൾ പബ്ലിഷ് ചെയ്‌തിട്ടുണ്ട്. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലറായി ചുമതല ലഭിച്ച ഡോക്‌ടര്‍ എൽ സുഷമ കാലടിയിൽ പ്രവർത്തിക്കുന്ന ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഓഫ് സാൻസ്ക്രിറ്റിലെ മലയാളം പ്രൊഫസർ ആണ്. എംജി മലയാളം യൂണിവേഴ്‌സിറ്റിയിലേക്കുള്ള താത്കാലിക വൈസ് ചാൻസലർമാരുടെ രണ്ടാമത്തെ പാനലിൽ ആണ് ഗവർണർ നിയമനം നൽകിയത്. ആദ്യം നൽകിയ പാനലിൽ സാബു തോമസിനെ പേര് ഉൾപ്പെട്ടതിനാൽ ആ പാനൽ ഗവർണർ തള്ളുകയായിരുന്നു. തുടർന്ന് പുതിയ പാനൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഗവർണർക്ക് സമർപ്പിക്കുകയായിരുന്നു.
മറ്റ് ഏഴ് യൂണിവേഴ്‌സിറ്റികളിലും സ്ഥിരം വിസിമാര്‍ ഇല്ല:നിലവിൽ കേരളത്തിലെ ഒന്‍പത് സർവകലാശാലകളിൽ സ്ഥിരം വിസിമാർ ഇല്ല. വിസി നിയമനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ സെർച്ച് കമ്മിറ്റി ബിൽ ഗവർണർ ഒപ്പുവയ്ക്കാതെ പിടിച്ചുവച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് ഗവർണർ സ്ഥാനമൊഴിയുന്നത് വരെ സംസ്ഥാനത്തെ സർവകലാശാലകളിൽ താത്‌കാലിക വിസിമാരെ നിയമിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. എന്നാൽ, ഗവർണർ - സർക്കാർ പോര് ഉന്നത വിദ്യാഭ്യാസരംഗം താളം തെറ്റുന്നതിന് കാരണമാകുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിലവിൽ കേരള, കെടിയു, കാർഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമം, മലയാളം, കുസാറ്റ്, എംജി, സർവകലാശാലകളിൽ സ്ഥിരം വിസിമാര്‍ ഇല്ല.
കണ്ണൂർ യൂണിവേഴ്‌സിറ്റി വിസി പുനർനിയമനം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുകയാണ്. കാലിക്കറ്റ്, സംസ്‌കൃതം, ഓപ്പൺ, ഡിജിറ്റൽ, സർവകലാശാലകളിൽ വിസിമാർക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുകയാണ്. ഇതിനുപുറമെ വിവിധ ഗവൺമെന്‍റ് കോളജുകളിൽ പ്രിൻസിപ്പാള്‍മാര്‍ ഇല്ലാതായിട്ട് വർഷങ്ങളായി. പലയിടത്തും സീനിയർ അധ്യാപകർക്കാണ് പ്രിൻസിപ്പാള്‍മാരുടെ ചുമതല ഇത് വിദ്യാർഥിളുടെ പഠനത്തേയും ബാധിക്കുന്നുണ്ട്. ഉന്നത പഠനത്തിനായി കേരളം വിട്ട് വിദ്യാർഥികൾ പോവുന്നത് തടയുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴാണ് ഉന്നതവിദ്യാഭ്യാസ തലപ്പത്ത് ഇത്തരം അനിശ്ചിതത്വം നിലനിൽക്കുന്നത്.