തിരുവനന്തപുരം:എംജി സര്‍വകലാശാല നിയമവിരുദ്ധമായി നടത്തിയ മാര്‍ക്ക് ദാനം പിന്‍വലിക്കാന്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനം കള്ളക്കളിയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് ഖാന് കത്ത് നല്‍കി. നിയമാനുസൃതമല്ലാതെ എടുത്ത തീരുമാനം നിലനില്‍ക്കുകയില്ലെന്ന് രമേശ് ചെന്നിത്തല കത്തിൽ പരാമർശിക്കുന്നു.
സര്‍വകലാശാല ഒരിക്കല്‍ നല്‍കിയ ബിരുദവും ഡിപ്ലോമയും പിന്‍വലിക്കാനുള്ള അധികാരം ഗവണര്‍ക്കാണ്. ഗവര്‍ണറുടെ അനുമതിയില്ലാതെ സിന്‍ഡിക്കേറ്റ് അങ്ങനെ തീരുമാനിച്ചാല്‍ അത് നിയമാനുസൃതമല്ലെന്ന് കാണിച്ച് കുട്ടികള്‍ക്ക് കോടതിയില്‍ പോകാനും തീരുമാനം റദ്ദാക്കാനും കഴിയും. സര്‍വകലാശാല വളഞ്ഞ വഴിയിലൂടെ ലക്ഷ്യം വെക്കുന്നത് അത് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
1985ലെ എംജി സര്‍വകലാശാലാ ആക്‌ട് സെക്ഷന്‍ 23ല്‍ സ്റ്റാറ്റിയൂട്ട് അനുസരിച്ച് മാത്രമേ ബിരുദവും ഡിപ്ലോമയും മറ്റും റദ്ദാക്കാന്‍ പാടുള്ളൂ.1997ലെ സ്റ്റാറ്റിയൂട്ടിലാകട്ടെ ബിരുദവും ഡിപ്ലോമയും മറ്റും റദ്ദാക്കുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. എന്നാൽ അത് കൂടാതെയാണ് മാര്‍ക്ക് ദാനത്തിലൂടെ നല്‍കിയ ബിരുദങ്ങള്‍ റദ്ദാക്കാന്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് സര്‍വകലാശാല പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ സര്‍വകലാശാലകളില്‍ പങ്കെടുക്കുകയും ഫയലുകള്‍ വിളിച്ചു വരുത്തുകയും ചെയ്‌തതിന്‍റെ തെളിവായി, ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറും പ്രതിപക്ഷ നേതാവ് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. സര്‍വകലാശാലയില്‍ നിശ്ചിത സമയക്രമം നിശ്ചയിച്ച് ആ തീയതികളില്‍ അദാലത്തുകള്‍ നടത്താന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംസ്ഥാനത്തെ സര്‍വകലാശാലാ രജിസ്‌ട്രാര്‍മാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. അദാലത്തുകളില്‍ മന്ത്രി പങ്കെടുക്കുമെന്നും മന്ത്രിയുടെ ഇടപെടല്‍ ആവശ്യമുള്ള ഫയലുകള്‍ മന്ത്രിയുടെ പരിഗണനക്ക് അദാലത്ത് ദിവസം നല്‍കാവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്ന വിവരവും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.