മെട്രോമാൻ ഇ ശ്രീധരൻ കേരളത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും എന്ന തലക്കെട്ടാണ് ഇന്നലെ മാധ്യമങ്ങൾ ആഘോഷിച്ചത്. പക്ഷേ അതിന് മണിക്കൂറുകളുടെ ആയുസ് മാത്രമാണുണ്ടായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് അഴിമതി രഹിത കേരളത്തിനായി ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും എന്ന പ്രഖ്യാപനം നടത്തിയത്. പക്ഷേ വൈകുന്നേരത്തോടെ കടുത്ത അതൃപ്‌തിയുമായി ബിജെപി കേന്ദ്രനേതൃത്വം രംഗത്ത് എത്തിയതോടെ സുരേന്ദ്രന്‍റെ പ്രഖ്യാപനം സംസ്ഥാന ബിജെപിക്ക് തലവേദനയായി.
വിഷയത്തില്‍ ആദ്യം കെ സുരേന്ദ്രന്‍റെ പ്രസ്താവനയെ പിന്തുണച്ച കേന്ദ്രമന്ത്രി വി മുരളീധരനും പിന്നീട് നിലപാട് തിരുത്തി. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ദേശീയ നേതൃത്വമാണ് സാധാരണ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കെ സുരേന്ദ്രൻ അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ബിജെപി കേന്ദ്രനേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നുവെന്നുമാണ് പറഞ്ഞെതെന്നും സുരേന്ദ്രൻ ഇന്ന് തിരുത്തി. അതേസമയം, ബിജെപിയില്‍ ആശയക്കുഴപ്പമില്ലെന്നും താൻ അല്ല മുഖ്യമന്ത്രി സ്ഥാനാർഥിയെന്നും ഇ ശ്രീധരൻ ഇന്ന് പറഞ്ഞിട്ടുണ്ട്. അതോടെ ബിജെപിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് താല്‍ക്കാലിക പരിസമാപ്‌തിയായി.