തിരുവനന്തപുരം:സിന്ധു നദീതട സംസ്‌കാരത്തെ സ്വാധീനിച്ചുവെന്ന് കരുതപ്പെടുന്ന ഉല്‍ക്ക പതനത്തെ കുറിച്ചുള്ള പഠനവുമായി കേരള സര്‍വകലാശാലയിലെ ജിയോളജി വിഭാഗം. കേരള സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസറും ഭൗമശാസ്‌ത്രജ്ഞനുമായ ഡോ. സജിന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന, പഠനമാണ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്.
ഗുജറാത്തിലെ ലൂണയില്‍ നിന്നും ഡോ. സജിന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം കണ്ടെത്തിയ ഉല്‍ക്ക പതനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ 6900 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് പതിച്ച ഉല്‍ക്കയുടെ അവശിഷ്‌ടങ്ങളാണെന്ന് തിരിച്ചറിയുകയായിരുന്നു. ലൂണയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഥോലവിരയില്‍ ഏകദേശം ഈ കാലഘട്ടത്തിലാണ് സിന്ധു നദീതട സംസ്‌കാരം നിലനിന്നിരുന്നതും. 2 കിലോ മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തമാണ് സ്ഥലത്തുള്ളത്.
2005 ല്‍ ഒരു ലേഖനത്തില്‍ നിന്നുമാണ് ഇത് ഉല്‍ക്ക പതനം നടന്ന സ്ഥലമാണെന്ന സൂചനകള്‍ ലഭിക്കുന്നതെന്ന് ഗവേഷകനും പ്രൊഫസറുമായ ഡോ. സജിന്‍ കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. പൊതുവെ ചതുപ്പ് നിലത്ത് വെള്ളം പൂര്‍ണ്ണമായി വറ്റിയ ശേഷമാണ് ഉല്‍ക്ക പതനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ ലഭിക്കുന്നത്. ഇത് പഠന വിധേയമാക്കിയപ്പോഴാണ് സിന്ധു നദീതട സംസ്‌കാരം നിലനിന്നിരുന്നുവെന്ന് കരുതപ്പെടുന്ന കാലഘട്ടത്തിലാകാം ഇത് പതിച്ചതെന്ന് ഗവേഷക സംഘം മനസിലാക്കുന്നത്.
എന്നാല്‍ ഇത് സിന്ധു നദീതട സംസ്‌കാരത്തെ ബാധിച്ചിരുന്നോയെന്ന് മനസിലാക്കാന്‍ ഇനിയും ആഴത്തിലുള്ള ഗവേഷണം ആവശ്യമാണ്. ഇതിനായി പ്രധാന മന്ത്രിക്കും തിരുവനന്തപുരം എംപി ശശി തരൂരിനും സംഘം കത്ത് നൽകിയിട്ടുണ്ട്. പ്രദേശവാസികള്‍ പോലും ഇതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അജ്ഞരാണ്.