തിരുവനന്തപുരം: പട്ടം ഗവണ്‍മെന്‍റ് മോഡൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്‌കൂളിൽ ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും പിടിഎ അംഗങ്ങളുമടക്കം അഞ്ഞൂറോളം പേരാണ് തിരുവാതിരയില്‍ അണിനിരന്നത്. കൊവിഡിന് ശേഷമുള്ള ഓണക്കാലം ആഘോഷമാക്കാൻ വിപുലമായ പരിപാടികളാണ് സ്‌കൂളിൽ സംഘടിപ്പിച്ചത്.
ഈ ഓണക്കാലം പഴയ പൊലിമയോടെ കൂട്ടുകാർക്കൊപ്പം ആഘോഷിക്കാൻ സാധിച്ചതിന്‍റെ ആവേശത്തിലാണ് വിദ്യാർഥികൾ. അത്തപ്പൂക്കളം ഒരുക്കിയും മാവേലിക്കൊപ്പം സെൽഫി എടുത്തും മേളത്തിനൊപ്പം ചുവടുവച്ചും ഊഞ്ഞാൽ ആടിയും മതിമറന്ന് ആഘോഷിക്കുകയാണ് ഇവർ. സ്‌കൂൾ മുറ്റത്ത് ഒരുക്കിയ ഭീമൻ അത്തപ്പൂക്കളത്തിന് ചുറ്റുമാണ് മെഗാ തിരുവാതിര നടന്നത്.