തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗതാഗത മന്ത്രി ആന്‍റണി രാജു വീണ്ടും കൂടിക്കാഴ്‌ച നടത്തി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്‌ച. തിങ്കളാഴ്‌ച(05.09.2022) മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടക്കും.
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഗതാഗത മന്ത്രി ആന്‍റണി രാജു - തിരുവനന്തപുരം ഇന്നത്തെ പ്രധാന വാര്‍ത്ത
നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കെഎസ്‌ആർടിസിയിലെ ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രി ആന്‍റണി രാജു വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കാൻ തൊഴിലാളികൾ തയാറാകണമെന്നാണ് ചർച്ചയിൽ സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യം. നേരത്തെ ഗതാഗത മന്ത്രിയും കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകറും തൊഴിലാളി യൂണിയനുകളുമായി നടന്ന ചർച്ചയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ തിങ്കളാഴ്‌ച മുഖ്യമന്ത്രിയുമായി നടക്കാനിരിക്കുന്ന ചർച്ച നിർണായകമാണ്.
അതേസമയം ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി കെഎസ്‌ആർടിസിക്ക് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു. സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. സെപ്‌റ്റംബർ ഒന്നിന് മുൻപ് 103 കോടി രൂപ അനുവദിക്കണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതോടെ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പള വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.