തിരുവനന്തപുരം:വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതി ശരിയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ജില്ലാ കലക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടത്. ഇതുസംബന്ധിച്ച് വിശദമായ പരിശോധന തുടരും. വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം പേരുള്ള ആളിനെ അവര്‍ താമസിക്കുന്ന ഇടത്ത് ഒരു വോട്ട് ചെയ്യാനേ അനുവദിക്കുകയുള്ളൂ. ഒന്നിലധികം വോട്ടുള്ളവരുടെ പേര് കണ്ടെത്തി ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേക ലിസ്റ്റ് തയ്യാറാക്കി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും. ഇവരുടെ പേര് ഇപ്പോള്‍ നീക്കം ചെയ്യാന്‍ സാധ്യമല്ല.
ഇരട്ട വോട്ട് : രമേശ് ചെന്നിത്തലയുടെ പരാതി ശരിവച്ച് ടിക്കാറാം മീണ - Meena can confirm the complaint
ഒന്നിലധികം വോട്ടുള്ളവരുടെ പേര് കണ്ടെത്തി ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേക ലിസ്റ്റ് തയ്യാറാക്കി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും
![ഇരട്ട വോട്ട് : രമേശ് ചെന്നിത്തലയുടെ പരാതി ശരിവച്ച് ടിക്കാറാം മീണ വോട്ടര്‍ പട്ടികയിൽ ക്രമക്കേട് ടിക്കാറാം മീണ രമേശ് ചെന്നിത്തല complaint of irregularities in the voter list Meena can confirm the complaint വോട്ടര്‍ പട്ടിക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11114154-thumbnail-3x2-oo.jpg)
ഉദുമയില്‍ കുമാരി എന്ന ആളുടെ പേര് അഞ്ചിടത്ത് വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചത് സംബന്ധിച്ച് വീഴ്ച വരുത്തിയ എഇആര്‍ഒയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഈ വോട്ടര്‍ക്കായി തയ്യാറാക്കിയ നാല് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നശിപ്പിച്ചു. ഒരു വോട്ടര്‍ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിക്കുന്നത് കുറ്റകരമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വമാണ് വീഴ്ചകള്‍ വരുത്തുന്നതെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടിവരും. ഒന്നിലധികം വോട്ടുകള്‍ ഒരാളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ചേര്‍ത്താല്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാം.
വിശദമായ പരിശോധനയുമായി മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിട്ടേക്കാം. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് കരുതുന്നില്ല. ആളുകള്‍ ഒന്നിലധികം തവണ അപേക്ഷ നല്‍കുമ്പോള്‍ അതില്‍ വ്യക്തമായ പരിശോധനയില്ലാതെ ഉദ്യോഗസ്ഥര്‍ പേര് ചേര്‍ക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് എല്ലാ സംസ്ഥാനത്തുമുണ്ടെന്നും മീണ പറഞ്ഞു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 3, 71,944 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. ഇത് കള്ള വോട്ടല്ല മറിച്ച് ഒരാള്‍ ഒന്നിലധികം വോട്ടുചെയ്താല്‍ മാത്രമേ അത് അങ്ങനെയാവുകയുള്ളൂവെന്നും ടിക്കാറാം മീണ വിശദീകരിച്ചു.