തിരുവനന്തപുരം:സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായുളള മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇന്നു മുതല്‍. 30 ലക്ഷം പേര്‍ക്കാണ് പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കുക. മൂന്നു ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കും.
500 രൂപയാണ് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രതിമാസം പ്രീമിയം ഈടാക്കുക. എല്ലാ ജീവനക്കാരില്‍ നിന്നും പ്രീമിയം ഈടാക്കും. അതേസമയം വ്യക്തിഗത വിവരങ്ങള്‍ നല്‍കി പദ്ധതിയില്‍ ചേരുന്നവര്‍ക്കു മാത്രമാണ് പരിരക്ഷ ലഭിക്കുക.
ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാണ് നടത്തിപ്പു ചുമതല. പ്രതിവര്‍ഷം 4,800 രൂപയും 18 ശതമാനം ജിഎസ്‌ടിയും എന്ന നിലയ്ക്കാണ് പ്രീമിയം. സംസ്ഥാനത്തിനകത്തും പുറത്തുമുളള എംപാനല്‍ഡ് ആശുപത്രികളില്‍ മെഡിസെപ്പിന്‍റെ പരിരക്ഷ ലഭിക്കും. അപകടങ്ങളിലും മറ്റും പെടുന്ന അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കേണ്ടതുള്ളപ്പോള്‍ എംപാനല്‍ഡ് അല്ലാത്ത ആശുപത്രികളില്‍ ചികിത്സ തേടിയാല്‍ റീഇംബേഴ്‌സ്‌മെന്‍റിനുള്ള വ്യവസ്ഥയുമുണ്ട്. മാരക രോഗങ്ങള്‍ക്കും അവയവമാറ്റത്തിനുമായി 35 കോടിയുടെ കോര്‍പ്പസ് ഫണ്ടും പദ്ധതിയുടെ ഭാഗമായുണ്ട്.
പാര്‍ട്‌ടൈം കണ്ടിന്‍ജന്‍റ് ജീവനക്കാര്‍, പാര്‍ട്‌ടൈം അധ്യാപകര്‍, ഏയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍, പെന്‍ഷനോ കുടുംബ പെന്‍ഷനോ വാങ്ങുന്നവര്‍ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാണ്. ആശുപത്രികളിലെ ചികിത്സ സംബന്ധമായ ചെലവ്, മരുന്നിന്‍റ വില, ഡോക്ടര്‍/അറ്റന്‍ഡര്‍ ഫീസ്, മുറിവാടക, പരിശോധന ചാര്‍ജുകള്‍, രോഗാനുബന്ധ ഭക്ഷണച്ചെലവുകള്‍, എന്നിവ പരിരക്ഷയില്‍ ഉള്‍പ്പെടും.
പ്രാഥമിക ഘട്ടത്തില്‍ 370 ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാണ്. മെഡിക്കല്‍ കോളജ്, ആര്‍സിസി എന്നിവയടക്കം 144 സര്‍ക്കാര്‍ ആശുപത്രികളും 213 സ്വകാര്യ ആശുപത്രികളും ഇതിനകം പദ്ധതിയുടെ ഭാഗമായി. സംസ്ഥാനത്തിനു പുറത്തുളള 12 ആശുപത്രികളും എംപാനല്‍ ചെയ്‌തിട്ടുണ്ട്. ഇവയുടെ പട്ടിക ധനവകുപ്പ് പ്രസിദ്ധീകരിക്കും.