തിരുവനന്തപുരം: കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ജീവനക്കാരെ നിയമിച്ച് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ആദ്യ ഘട്ടത്തില്‍ 9 മെഡിക്കല്‍ കോളജുകളിലെ കാരുണ്യ ഫാര്‍മസികളിലാണ് പ്രത്യേക ജീവനക്കാരെ നിയോഗിച്ചത്.
ജനറിക് മരുന്നുകള്‍ നിര്‍ദേശിക്കാനാണ് ഡോക്‌ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ പലപ്പോഴും കാരുണ്യ ഫാര്‍മസികളില്‍ ലഭ്യമായിരുന്നില്ല. ഡോക്‌ടര്‍മാര്‍ പുതുതായി നിര്‍ദേശിക്കുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ തിരിച്ചറിയാനും പുതിയ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കാനുമാണ് ജീവനക്കാരെ പ്രത്യേകമായി നിയോഗിച്ചത്.
പേവിഷബാധയ്ക്കെതിരായ 16,000 വയല്‍ ആന്‍റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ ലഭ്യമാക്കിയിട്ടുണ്ട്. 44,000 വയല്‍ ആന്‍റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ അടുത്തയാഴ്ചയെത്തും. ഇതുകൂടാതെ 20,000 വയല്‍ ആന്‍റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ അധികമായി വാങ്ങാനും തീരുമാനമായി.