തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേയും ഡെന്‍റൽ കോളജുകളിലേയും ഹൗസ് സർജൻമാരുടെയും പി.ജി വിദ്യാർഥികളുടെയും സ്റ്റൈപന്‍റ് വർധിപ്പിച്ചു.
മെഡിക്കൽ, ദന്തരോഗ വിഭാഗം ഹൗസ് സർജൻമാർക്ക് 5000 രൂപയും പി.ജി ജൂനിയർ റസിഡന്‍റുമാർക്ക് 10000 രൂപയുമാണ് വർധിപ്പിച്ചത്. മെഡിക്കല്‍, ദന്തരോഗ വിഭാഗം ഹൗസ് സര്‍ജന്‍മാര്‍ക്ക് 5,000 രൂപ വര്‍ധിപ്പിച്ച് 25,000 രൂപയാക്കി. മെഡിക്കല്‍, ദന്തരോഗ വിഭാഗം പി.ജി. ജൂനിയര്‍ റസിഡന്‍റുമാര്‍ക്ക് 10,000 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒന്നാം വര്‍ഷ ജൂനിയര്‍ റസിഡന്‍റുമാര്‍ക്ക് 53,000 രൂപയും രണ്ടാം വര്‍ഷ ജൂനിയര്‍ റസിഡന്‍റുമാര്‍ക്ക് 54,000 രൂപയും മൂന്നാം വര്‍ഷ ജൂനിയര്‍ റസിഡന്‍റുമാര്‍ക്ക് 55,000 രൂപയും സ്റ്റൈപന്‍റായി ലഭിക്കും. മെഡിക്കല്‍ പി.ജി. ഡിപ്ലോമ ജൂനിയര്‍ റസിഡന്‍റുമാര്‍ക്കും 10,000 രൂപ വര്‍ധിപ്പിച്ചപ്പോൾ ഒന്നാം വര്‍ഷ പി.ജി. ഡിപ്ലോമ ജൂനിയര്‍ റസിഡന്‍റുമാര്‍ക്ക് 53,000 രൂപയും രണ്ടാം വര്‍ഷ പി.ജി. ഡിപ്ലോമ ജൂനിയര്‍ റസിഡന്‍റുമാര്‍ക്ക് 54,000 രൂപയും ലഭ്യമാകും.