തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ സമഗ്ര വികസന മാസ്‌റ്റര്‍ പ്ലാന്‍ മുഖേന പൂര്‍ത്തിയായ മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് 16 ചൊവ്വാഴ്‌ച വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മെഡിക്കല്‍ കോളജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളജ് കുമാരപുരം റോഡില്‍ മെന്‍സ് ഹോസ്‌റ്റലിന് സമീപത്ത് നിന്നും എസ്.എ.ടി ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണ് മേല്‍പാലം.
ഈ ഫ്ലൈ ഓവര്‍ വരുന്നതോടുകൂടി കുമാരപുരം ഭാഗത്തേക്ക് ക്യാമ്പസില്‍ നിന്നും പുതിയൊരു പാത തുറക്കപ്പെടും. ഇത് ക്യാമ്പസില്‍ നിന്ന് വാഹനങ്ങള്‍ക്ക് തിരക്കേറിയ അത്യാഹിതവിഭാഗം പാത ഒഴിവാക്കി സുഗമമായ ഗതാഗതത്തിന് വഴിയൊരുക്കും.കിഫ്ബി ഫണ്ടുപയോഗിച്ച് ഇന്‍കെല്‍ മുഖാന്തിരമാണ് മേൽപ്പാലം നിർമിച്ചത്.
12 മീറ്ററാണ് മേല്‍പ്പാലത്തിന്‍റെ വീതി. 96 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട്. മോട്ടോര്‍ വേ 7.05 മീറ്ററും വാക് വേ 04.05 മീറ്ററുമാണ്. ഇന്ത്യയില്‍ അപൂര്‍വമായിട്ടുള്ള ജോയിന്‍റ് ഫ്രീ മേല്‍പ്പാലമാണിത്. യൂണിഫോം സ്ലോപ്പിലാണ് രൂപകല്‍പ്പന. എസ്.എ.ടി. ആശുപത്രി, ശ്രീചിത്ര, ആര്‍സിസി, മെഡിക്കല്‍ കോളജ് ബ്ലോക്ക്, പ്രിന്‍സിപ്പല്‍ ഓഫിസ്, സി.ഡി.സി., പി.ഐ.പി.എം.എസ്, ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ തിരക്കില്‍പ്പെടാതെ നേരിട്ടെത്താൻ ഈ മേല്‍പ്പാലം ഏറെ സഹായകമാകും.
മെഡിക്കൽ കോളജിന്‍റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. ഈ മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. റോഡ് മേല്‍പ്പാല നിര്‍മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഇതിലൂടെ കാമ്പസിലുള്ള ആറ് പ്രധാന റോഡുകളുടേയും പാലത്തിന്‍റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൂത്തിയാകുന്നത്. മെഡിക്കല്‍ കോളജ് കാമ്പസിലെ യാത്രാക്ലേശം ഇതോടെ വലിയ അളവുവരെ പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.