തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഒത്തുകളി തുടരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ പുറത്തുവിട്ടത് ആദ്യ എഫ്‌ഐആര്‍ മാത്രം. ശ്രീറാം വെങ്കിട്ടരാമന്‍റെ പേര് ഉള്‍പ്പെടുത്താതെയും മദ്യപിച്ചിരുന്നതായി വ്യക്തമാക്കാതെയുമാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. കേസ് ദുര്‍ബലപ്പെടുത്താനുള്ള പൊലീസ് നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
മാധ്യമപ്രവര്‍ത്തകന്‍റെ മരണം; കേസില്‍ പൊലീസിന്‍റെ ഒത്തുകളി തുടരുന്നു - തിരുവനന്തപുരം
ശ്രീറാം വെങ്കിട്ടരാമന്‍റെ പേര് ഉള്‍പ്പെടുത്താതെയും മദ്യപിച്ചിരുന്നതായി വ്യക്തമാക്കാതെയുമാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.
![മാധ്യമപ്രവര്‍ത്തകന്‍റെ മരണം; കേസില്‍ പൊലീസിന്‍റെ ഒത്തുകളി തുടരുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4038329-1089-4038329-1564915205244.jpg)
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആദ്യം മുതല്‍ തന്നെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ ശരി വയ്ക്കും വിധമാണ് നിലവിൽ പൊലീസിന്‍റെ പെരുമാറ്റം.
കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു ദിവസം പിന്നിട്ടിട്ടും എഫ്‌ഐആര്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ അപകടം നടന്ന സമയത്തെ എഫ്‌ഐആര്‍ പുറത്ത് വിട്ട് വിവാദം ഒഴിവാക്കാനാണ് പൊലീസ് ശ്രമം. പുറത്തു വിട്ട എഫ്‌ഐആറില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ പേരോ വിവരങ്ങളോ ലഭ്യമല്ല. മദ്യപിച്ചിരുന്നതായും ഇതില്‍ വ്യക്തമാക്കിയിട്ടില്ല. അമിത വേഗത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചത് അപകടത്തിന് കാരണമായെന്ന് മാത്രമാണ് ഈ എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത് സംബന്ധിച്ച എഫ്ഐആര്‍ ആണിത്. കേരള പൊലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ തുണയിലാണ് എഫ്ഐആര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൂടാതെ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതി വഫ ഫിറോസിനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആരോപണം. വഫ കോടതിയില്‍ രഹസ്യമൊഴി നല്‍കിയെങ്കിലും കൂട്ടുപ്രതിയുടെ മൊഴി കോടതിയില്‍ പ്രസക്തമല്ലാതെയാകുന്ന സാഹചര്യത്തില്‍ കേസ് ദുര്‍ബലപ്പെടാനുള്ള സാഹചര്യം ഉണ്ടെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.