തിരുവനന്തപുരം: നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി മേടയിൽ വിക്രമനെ തിരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥി തിരുമല അനിലിനെ ഏഴ് വോട്ടിന് പരാജയപ്പെടുത്തിയാണ് പള്ളിത്തുറ കൗൺസിലറും കഴക്കൂട്ടം സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ മേടയിൽ വിക്രമൻ വിജയിച്ചത്. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്‌കരിച്ചു.
മേടയിൽ വിക്രമൻ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ - പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
കോൺഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച സാഹചര്യത്തിൽ ബിജെപി സ്ഥാനാർഥി തിരുമല അനിലും സിപിഎം സ്ഥാനാർഥി മേടയിൽ വിക്രമനും തമ്മിലാണ് മത്സരം നടന്നത്
കഴിഞ്ഞ കോർപ്പറേഷൻ ഭരണസമിതിയിൽ പൗണ്ട് കടവ് വാർഡിൽ നിന്നുമാണ് മേടയിൽ വിക്രമൻ ആദ്യമായി വിജയിച്ചത്. ആര്യ രാജേന്ദ്രൻ മേയറായ ഘട്ടത്തിൽ സ്ഥിരം സമിതികളിലെ അധ്യക്ഷസ്ഥാനത്തേക്ക് സിപിഎം വിക്രമനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. പിന്നീട് കോർപ്പറേഷനിലെ കത്ത് വിവാദത്തെ തുടർന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ രാജിവച്ച ഒഴിവിലേക്ക് ആയിരുന്നു ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് നടന്നത്.
12 അംഗ കമ്മിറ്റിയായ പൊതുമരാമത്തിൽ എൽഡിഎഫിന് ഏഴും ബിജെപിക്ക് നാലും കോൺഗ്രസിന് ഒരു പ്രതിനിധിയുമാണ് ഉണ്ടായിരുന്നത്. കമ്മിറ്റിയിൽ ഉള്ളവർക്ക് മാത്രമേ വോട്ടവകാശം ഉണ്ടാവുകയുള്ളു. അട്ടിമറിക്ക് സാധ്യതയില്ലാത്തതിനാൽ മേടയിൽ വിക്രമന് തന്നെയായിരുന്നു വിജയസാധ്യതയും.