തിരുവനന്തപുരം:എംസി ജോസഫൈന് വനിതാ കമ്മിഷന് അധ്യക്ഷ സ്ഥാനം രാജിവച്ചു. സിപിഎം നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജി. ചാനല്‍ പരിപാടിക്കിടെ ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീയോട് നടത്തിയ മോശമായ പരാമര്‍ശം സംബന്ധിച്ച് വിമര്‍ശനം കടുത്തതോടെയാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാ സെക്രട്ടേറിയറ്റ് യോഗം രാജിവയ്ക്കാന്‍ ജോസഫൈനോട് ആവശ്യപ്പെടുകയായിരുന്നു.
കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ട് മാസം കൂടി ബാക്കി നിലനില്‍ക്കെയാണ് ജോസഫൈന് രാജിവച്ചൊഴിയുന്നത്. സമൂഹ മാധ്യമങ്ങളിലും സിപിഎം അണികള്‍ക്കിടയിലും ജോസഫൈനെ മാറ്റണമെന്ന് നിര്‍ദ്ദേശമുയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് സിപിഎം തീരുമാനമെടുത്തത്.
നേരത്തെ പല വട്ടം ഇത്തരത്തില്‍ മോശമായ പരാമര്‍ശം ജോസഫൈന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി പലതവണ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും പിഴവുകള്‍ ആവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് സിപിഎം രാജി വെക്കാൻ ആവശ്യപ്പെട്ടത്.
തിരുത്തിയും സംരക്ഷിച്ചും ചേർത്തു പിടിച്ചു; ഒടുവിൽ തഴഞ്ഞ് സിപിഎം
1996ല്‍ രൂപീകൃതമായതിനു ശേഷം വനിത കമ്മിഷനില്‍ ആദ്യമായെത്തുന്ന സിപിഎം നേതാവാണ് എംസി ജോസഫൈന്. ഒരു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയെ കമ്മിഷന്റെ തലപ്പത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിക്കുന്നതും ഇതാദ്യം. യുഡിഎഫ് സര്‍ക്കാരുകള്‍ പലപ്പോഴും രാഷ്ട്രീയക്കാരെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വന്നിരുന്നെങ്കിലും എല്‍ഡിഎഫ് ഇത്തരമൊരു നിലപാടെടുത്തത് ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്താണ്.
എം.കമലം, കെ.സി.റോസക്കുട്ടി എന്നിവര്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് വനിത കമ്മിഷന് അദ്ധ്യക്ഷ പദത്തിലെത്തതിയ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. സുഗതകുമാരി, ജസ്റ്റിസ് ശ്രീദേവിയടക്കമുള്ള പ്രമുഖര്‍ അലങ്കരിച്ച പദവിയിലിരുന്ന ജോസഫൈനില്‍ നിന്ന് പൊതുവേ പാര്‍ട്ടി പ്രതീക്ഷിച്ചത് വനിത ക്ഷേമത്തിലൂന്നിയുള്ള പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ സംഭവിച്ചത് പാര്‍ട്ടി പ്രതീക്ഷച്ചതില്‍ വിപരീതവും. വനിത കമ്മിഷന് അദ്ധ്യക്ഷ എന്ന നിലയില്‍ ജോസഫൈന് നിരന്തരം വിവാദങ്ങളിൽപ്പെട്ടു.
വിവാദങ്ങൾ ഒന്നിനു പിറകെ ഒന്നായി
സിപിഎം എന്നാല്‍ കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന പരമാര്‍ശം ഏറെ വിമര്‍ശനമുയര്‍ത്തി ഒന്നാണ്. ഷൊര്‍ണ്ണൂര്‍ സിപിഎം എംഎല്‍എ പികെ ശശിക്കെതിരായ പീഡന പരാതിയെക്കുറിച്ചായിരുന്നു എംസി ജോസഫൈന്റെ വിവാദ പരാമര്‍ശം. പിന്നാലെ 89 വയസായ വൃദ്ധ പരാതി നല്‍കിയതിനെതിരെയായിരുന്നു ജോസഫൈന് മോശം പരാമര്‍ശം നടത്തിയത്. അയല്ക്കാരന് വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പരാതി നല്കിയ 89 കാരിയും കുടുംബവുമാണ് അന്ന് അധിക്ഷപത്തിന് ഇരയായത്. 89 യസുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആര് പറഞ്ഞു എന്നായിരുന്നു ജോസഫൈന്റെ പരാമര്‍ശം. ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.