തിരുവനന്തപുരം :'പാർട്ടി തന്നെ പൊലീസ് സ്റ്റേഷൻ, പാർട്ടി തന്നെ കോടതി'. വനിത കമ്മിഷൻ അധ്യക്ഷയായിരുന്നപ്പോൾ എം.സി ജോസഫൈൻ നടത്തിയ ഏറെ വിവാദമായ പ്രസ്‌താവനയായിരുന്നു ഇത്. വിവാദമായെങ്കിലും ജോസഫൈൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ഈ പ്രസ്‌താവന.
ഒരു കാലത്ത് സി.പി.എമ്മിന്‍റെ വനിത മുഖമായിരുന്നു ജോസഫൈൻ. വിഭാഗീയത നിറഞ്ഞുനിന്ന സമയത്ത് ജോസഫൈൻ വി.എസ് അച്യുതാനന്ദനൊപ്പം ഉറച്ചുനിന്നു. മൂന്ന് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചെങ്കിലും ജനപ്രതിനിതിയാകാൻ ജോസഫൈന് കഴിഞ്ഞില്ല. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിലായിരുന്നു ജോസഫൈന്‍റെ മത്സരങ്ങൾ ഏറെയും.
പാര്‍ട്ടി നിലപാടില്‍ മറിച്ചൊരഭിപ്രായമില്ല :സി.പി.എമ്മിന്‍റെ ബ്രാഞ്ച് തലത്തിൽ തുടങ്ങി കേന്ദ്ര കമ്മിറ്റി വരെ എത്തിയതായിരുന്നു ജോസഫൈന്‍റെ രാഷ്ട്രീയ ജീവിതം. വനിത കമ്മിഷൻ അധ്യക്ഷ സ്ഥാനം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ചാനൽ ചർച്ചയ്ക്കിടയിൽ ഒരു പരാതിക്കാരിയോട് 'എന്നാല്‍ അനുഭവിച്ചോ' എന്ന മോശം പരാമർശത്തിൽ വനിത കമ്മിഷൻ അധ്യക്ഷ സ്ഥാനം തെറിച്ചു. അടിമുടി പാർട്ടിക്കാരിയായ ജോസഫൈൻ യാതൊരുവിധ എതിരഭിപ്രായവും പറയാതെ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം അതേപടി അനുസരിച്ച് വനിത കമ്മിഷനിൽ നിന്നും പടിയിറങ്ങി.
സി.പി.എം ബ്രാഞ്ച് തലം മുതൽ തുടങ്ങുന്നതായിരുന്നു ജോസഫൈന്‍റെ രാഷ്ട്രീയ ജീവിതം. 1948 ആഗസ്റ്റ് മൂന്നിന് മുരുക്കുംപാടം മാപ്പിളശേരിയിലാണ് ജനനം. ചവര, മഗ്‌ദലേന എന്നിവരാണ് മാതാപിതാക്കള്‍. വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെ വളർന്നു. 1978 ൽ മുപ്പതാം വയസിൽ സി.പി.എം അംഗത്വം. ആറുവര്‍ഷംകൊണ്ട് എറണാകുളം ജില്ല കമ്മറ്റിയിൽ എത്തി.
മൂന്ന് വര്‍ഷം കഴിഞ്ഞപ്പോൾ സംസ്ഥാന കമ്മിറ്റി അംഗമായി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് തുടങ്ങി നിരവധി രാഷ്ട്രീയ സ്ഥാനങ്ങൾ ജോസഫൈൻ വഹിച്ചിരുന്നു. എന്നും തൊഴിലാളി വർഗ പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ അവർ ഉണ്ടായിരുന്നു. പാർലമെന്‍ററി രംഗത്ത് ജോസഫൈന് നിരവധി ഊഴങ്ങള്‍ ലഭിച്ചെങ്കിലും വിജയിക്കാനായില്ല.
വിവാദങ്ങളിലെ 'ഇടപെടലുകള്‍' വിനയാക്കി :1987 ൽ അങ്കമാലിയിലും 2011 ൽ മട്ടാഞ്ചേരിയിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989 ൽ യുവ വനിതാരക്തമായി ഇടുക്കിയിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കെ.എം മാത്യുവിനോട് 9,1479 വോട്ടിന് പരാജയപ്പെട്ടു. ആദ്യ പിണറായി സർക്കാർ വന്നപ്പോൾ വിഭാഗീയ സമവാക്യങ്ങളിൽ എന്നും ശത്രുപക്ഷമായിരുന്നിട്ടും ജോസഫൈൻ എന്ന രാഷ്ട്രീയ നേതാവിനെ വനിത കമ്മിഷൻ അധ്യക്ഷ സ്ഥാനം നൽകി പിണറായി അംഗീകരിച്ചു.
പാർട്ടിയോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിച്ചതിനാൽ എന്നും വിവാദങ്ങൾ നിറഞ്ഞതായിരുന്നു ആ അധ്യക്ഷ സ്ഥാനം. ഷൊർണൂര്‍ എം.എൽ.എ ആയിരുന്ന പി ശശിക്കെതിരെ പാർട്ടി പ്രവർത്തക നൽകിയ ലൈംഗിക അതിക്രമ പരാതിയിലായിരുന്നു പാർട്ടി തന്നെ പൊലീസ് സ്റ്റേഷൻ, പാർട്ടി തന്നെ കോടതി എന്ന പരാമർശം. കോടിയേരി ബാലകൃഷ്‌ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ ഇടപെടാനാകില്ലെന്ന നിലപാടും രമ്യ ഹരിദാസിനെതിരെ എ വിജയരാഘവൻ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ നടത്തിയ പരാമർശത്തെ കുറിച്ച് അന്വേഷിക്കാത്തതും ജോസഫൈനെതിരെ വിമർശനം ശക്തമാക്കി.
MORE READ |സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ അന്തരിച്ചു
ഔദ്യോഗിക ചുമതലയിലും പാര്‍ട്ടിലൈനില്‍ അടിയുറച്ച് നിന്നതുകൊണ്ടാണ് ജോസഫൈൻ ഏറെയും വിമര്‍ശിക്കപ്പെട്ടത്. അടിമുടി കമ്മ്യൂണിസ്റ്റ് ആയ ജോസഫൈൻ പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നുതന്നെയാണ് വിടപറഞ്ഞത്. പ്രായപരിധി കണക്കിലെടുത്ത് കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ജോസഫൈനെ ഒഴിവാക്കിയിരുന്നു. ചെങ്കൊടി പുതച്ച് ജോസഫൈന്‍റെ ഭൗതിക ശരീരം എത്തുമ്പോൾ സി.പി.എമ്മിന്‍റെ രാജ്യത്തെ മുഴുവൻ നേതാക്കളും അന്ത്യാഭിവാദ്യം അർപ്പിക്കും.