തിരുവനന്തപുരം: എംബിബിഎസ് പഠനം വിദേശ രാജ്യങ്ങളിൽ നിന്ന് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് നിർദേശിച്ച ഒരു വർഷ നിർബന്ധിത ഇൻ്റേൺഷിപ്പ് ഇനി മുതൽ മെഡിക്കൽ കോളജുകളിൽ നിന്ന് മാത്രമാക്കും. മെഡിക്കൽ കമ്മിഷൻ ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ നിർദേശം നൽകിയിരുന്നെങ്കിലും കേരളമടക്കം പല സംസ്ഥാനങ്ങളും വിശദീകരണമാരാഞ്ഞ് തീരുമാനം നീട്ടിക്കൊണ്ടു പോവുകയായിരുന്നു.
മെഡിക്കൽ കമ്മിഷൻ ഇതിൽ നിലപാട് കടുപ്പിച്ചതോടെ സ്വാശ്രയ മേഖലയിലേതടക്കം അംഗീകൃത മെഡിക്കൽ കോളജുകളിൽ ഇൻ്റേൺഷിപ്പ് അനുവദിക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിലിന് സർക്കാർ നിർദേശം നൽകി. എന്നാൽ, സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഇൻ്റേൺഷിപ്പിന് അയക്കുന്ന കുട്ടികളുടെ സ്റ്റൈപ്പൻഡ് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല. പുറത്തുനിന്നെത്തുന്ന ഇൻ്റേൺഷിപ്പുകാർക്ക് സ്റ്റൈപ്പൻഡ് നൽകാനാവില്ല എന്ന നിലപാടിലാണ് സ്വകാര്യ മാനേജ്മെന്‍റുകൾ.