തിരുവനന്തപുരം :തെരുവ് നായകളുടെ പ്രജനനനം നിയന്ത്രിക്കാനുള്ള എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര ചട്ടങ്ങൾ തടസമാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. നിയമസഭയിലെ ചോദ്യോത്തര വേളയിൽ സംസ്ഥാനത്തെ തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊലപ്പെടുത്താൻ ചട്ടം അനുവദിക്കുന്നില്ല.
നായ്ക്കളുടെ നിയന്ത്രണത്തിന് സംസ്ഥാന സർക്കാർ സഹായത്തിന്‍റെ ആവശ്യമില്ല. 2023-24 ൽ ഇതിനായി 50.14 കോടി രൂപയാണ് ചെലവിട്ടത്. 26 എബിസി കേന്ദ്രങ്ങൾ നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇനി 52 എബിസി കേന്ദ്രങ്ങൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. എബിസി കേന്ദ്രങ്ങൾക്കായി കേന്ദ്ര സർക്കാരിന്‍റെ 2001ലെ ചട്ടം 2023 ൽ പരിഷ്‌കരിച്ചിരുന്നു.
ഇത് തെരുവുനായ പ്രശ്‌നങ്ങൾ നേരിടാൻ അപ്രായോഗികമാണ്. ബ്ലോക്ക് തലത്തിൽ എബിസി കേന്ദ്രങ്ങൾ ആരംഭിക്കാൻ ഇത് തടസമാണ്. സ്ഥലം കണ്ടെത്താൻ പോലും കഴിയുന്നില്ല. സ്ഥലം ലഭിച്ചാലും ജനകീയ പ്രതിരോധം കാരണം എബിസി കേന്ദ്രങ്ങൾ തുടങ്ങാനാകുന്നില്ല. കുടുംബശ്രീയിൽ നിന്ന് 420 പേർക്ക് പട്ടി പിടുത്തത്തിന് പരിശീലനം നൽകിയിട്ടുണ്ട്. എബിസി കേന്ദ്രങ്ങൾ ആരംഭിക്കാൻ എംഎൽഎമാർ കൂടി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കണമെന്നും എം ബി രാജേഷ് പറഞ്ഞു.
തെരുവുനായ ശല്യം രൂക്ഷം : കേരളത്തിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യമാണ് നിലവിൽ. കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 5) വടകരയിൽ സ്‌കൂൾ വിദ്യാർഥിനി തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. സ്‌കൂളിലേക്ക് പോകുന്ന വഴി കൂട്ടമായെത്തിയ തെരുവുനായ്‌ക്കൾ കുട്ടിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി നായകളെ തുരത്തിയതിനാൽ കുട്ടി രക്ഷപ്പെട്ടു. കഴിഞ്ഞ മാസം കുഞ്ഞോളി പഞ്ചായത്തിലെ അങ്കണവാടികളുൾപ്പെടെയുള്ള ആറ് സ്‌കൂളുകൾക്കാണ് തെരുവുനായ ശല്യത്തെ തുടർന്ന് അവധി കൊടുത്തത്. ഈ പഞ്ചായത്തിലെ അഞ്ച് പേർക്കാണ് നായയുടെ കടിയേറ്റത്. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി നൽകിയത്.
കഴിഞ്ഞ ജൂൺ 13ന് കണ്ണൂർ മുഴുപ്പിലങ്ങാട്ട് ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്‌ക്കള്‍ കടിച്ച് കൊലപ്പെടുത്തിയിരുന്നു. 11 വയസുകാരനായ നിഹാൽ നൗഷാദാണ് മരിച്ചത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് തെരുവുനായ ശല്യത്തിൽ പ്രതിഷേധം ശക്തമായിരുന്നു. വന്ധ്യംകരണ പ്രവർത്തനങ്ങളടക്കം നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് ഇല്ല എന്നതടക്കമുള്ള ആക്ഷേപങ്ങളും ഉയർന്നു. ഇതിന് പിന്നാലെ ജൂൺ 13ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് അടിയന്തര യോഗം വിളിച്ചു.
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പ്രസിഡന്‍റുമാരുടെ അസോസിയേഷന്‍, മേയേഴ്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മൃഗ സംരക്ഷണ വകുപ്പ് ഡയറക്‌ടര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തെരുവുനായ പ്രശ്‌നം നേരിടാന്‍ കേന്ദ്ര നിയമങ്ങള്‍ തടസം ആകുന്നുണ്ടെന്ന് മന്ത്രി ഇതിന് മുൻപും അറിയിച്ചിരുന്നു. തെരുവ് നായകളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. പേവിഷബാധയുള്ള തെരുവ് നായ്ക്കളെ കൊല്ലാന്‍ വ്യവസ്ഥകളോടെ അനുവാദം നല്‍കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നിരാകരിച്ച് കേരളത്തിനെതിരെ വലിയ തോതിലുള്ള ക്യാമ്പയിന്‍ ദേശീയ തലത്തില്‍ നടന്നെന്നും തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചിരുന്നു.