കേരളം

kerala

ETV Bharat / state

കോലിയുടെ മകള്‍ക്ക് നേരെയുള്ള ബലാത്സംഗ ഭീഷണിയില്‍ ഭാരതീയരുടെ തല ലജ്ജ കൊണ്ട് കുനിയണം: സ്‌പീക്കര്‍ എംബി രാജേഷ് - എംബി രാജേഷ്

''വിരാട് കോലി ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. എന്നാൽ കളത്തിനു പുറത്തും എക്കാലത്തെയും മികച്ച നായകനായിട്ടാവും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുക''. സ്‌പീക്കർ എംബി രാജേഷ് ഫേസ്‌ബുക്കില്‍ കുറിച്ചു.

kerala speaker  virat kohli  MB Rajesh  എംബി രാജേഷ്  വിരാട് കോലി
കോലിയുടെ മകള്‍ക്ക് നേരെയുള്ള ബലാത്സഗ ഭീഷണിയില്‍ ഭാരതീയരുടെ തല ലജ്ജ കൊണ്ട് കുനിയണം: സ്‌പീക്കര്‍ എംബി രാജേഷ്

By

Published : Nov 3, 2021, 5:13 PM IST

തിരുവനന്തപുരം: മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ വിദ്വേഷ പ്രചാരണങ്ങളില്‍ പ്രതികരിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിയുടെ മകള്‍ക്ക് നേരെയുയര്‍ന്ന ബലാത്സംഗ ഭീഷണിയില്‍ ശക്തമായ പ്രതിഷേധം ഉയരേണ്ടതാണെന്ന് സ്‌പീക്കര്‍ എംബി രാജേഷ്.

ഭാരതീയരുടെയാകെ തല ലജ്ജ കൊണ്ട് കുനിയേണ്ട കാര്യമാണിത്. കോലിയുടെ മകൾക്കെതിരെ ഉയർന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണെന്നും എംബി രാജേഷ് ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

'തോൽവിയിലും തിരിച്ചടിയിലും ഒപ്പം നില്‍ക്കണം'

ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ നേതൃത്വം പറയേണ്ടിയിരുന്നതാണ് കോലി പറഞ്ഞത്. ടീം ജയിക്കുമ്പോൾ അഭിനന്ദനം ചൊരിയുകയും ഒപ്പം നിന്ന് ഫോട്ടോയെടുത്ത് പങ്കുപറ്റുകയും മാത്രമല്ല വേണ്ടത്. തോൽവിയിലും തിരിച്ചടിയിലും ഒപ്പം നിൽക്കുക കൂടി ചെയ്യുന്നതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്. വർഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോൾ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്‍റെ മുഖ്യ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിക്ക് നേരെ ഒരു വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടത്തിയത്. എന്നാല്‍ ശക്തമായ ഭാഷയിലാണ് ഇത്തരം പ്രചാരണങ്ങളോട് കോലി പ്രതികരിച്ചത്.

നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. മതത്തിന്‍റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്നുമായിരുന്നു കോലി പറഞ്ഞത്. തുടര്‍ന്നായിരുന്നു കോലിയുടെ ഒമ്പത് വയസ് മാത്രം പ്രായമുള്ള മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി ഉയര്‍ന്നത്.

എംബി രാജേഷിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം

വിരാട് കോഹ്‌ലി ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. എന്നാൽ കളത്തിനു പുറത്തും എക്കാലത്തെയും മികച്ച നായകനായിട്ടാവും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുക. വെല്ലുവിളികൾക്കു മുന്നിൽ പതറാതെ നിൽക്കുകയും നട്ടെല്ലിന്‍റെ ബലം കാണിക്കുകയും നേരിനൊപ്പം നിൽക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ നായകർ.

ട്വന്‍റി ട്വന്‍റി ലോക കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന്‍റെ പേരിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ മതം പറഞ്ഞ് ആക്രമിച്ചതിനെതിരെ കോലി ശക്തമായി പ്രതികരിച്ചിരുന്നു.

"മതം പറഞ്ഞ് ഒരാളെ ആക്രമിക്കുന്നത് നട്ടെല്ലില്ലായ്മയും പരിതാപകാരവുമാണ്" എന്നാണ് കോലി തീവ്ര ഹിന്ദുത്വ വർഗീയവാദികളോട് പറഞ്ഞത്. അതിന്‍റെ പേരിൽ അദ്ദേഹത്തിന്‍റെ ഒൻപതു മാസം പ്രായമുള്ള മകൾക്ക് ബലാൽസംഗ ഭീഷണി ഉയർത്തിയിരിക്കയാണ്. ശക്തമായ പ്രതിഷേധം ഉയരേണ്ട സന്ദർഭമാണിത്. ലജ്ജ കൊണ്ട് ഭാരതീയരുടെയാകെ തല കുനിയേണ്ടതാണ്.

also read: കോലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മിഷൻ

ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ നേതൃത്വം പറയേണ്ടിയിരുന്നതാണ് കോലി പറഞ്ഞത്. ടീം ജയിക്കുമ്പോൾ അഭിനന്ദനം ചൊരിയുകയും ഒപ്പം നിന്ന് ഫോട്ടോയെടുത്ത് പങ്കുപറ്റുകയും ചെയ്യുകയും മാത്രമല്ലല്ലോ ചെയ്യേണ്ടത്. തോൽവിയിലും തിരിച്ചടിയിലും ഒപ്പം നിൽക്കുക കൂടി ചെയ്യുന്നതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്. വർഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോൾ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്‍റെ മുഖ്യ ഉത്തരവാദിത്വമാണ്.

കോലിയുടെ മകൾക്കെതിരെ ഉയർന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണ്.

കളിയിൽ ജയാപജയങ്ങൾ സ്വാഭാവികമാണ്. ജയം യുദ്ധവിജയം പോലെ ആഘോഷിക്കുകയും പരാജയത്തിന്‍റെ പേരിൽ കല്ലെറിയുകയും ക്രൂശിക്കുകയും ചെയ്യുന്നത്, അതും മതത്തിന്‍റെ പേരിൽ സെലക്ടീവായി ടാർജറ്റ് ചെയ്യുന്നത് അപരിഷ്കൃതമാണ്. യൂറോ കപ്പിൽ ഫ്രാൻസിന്‍റെ ചില താരങ്ങൾക്ക് ഷൂട്ടൗട്ടിൽ പിഴച്ചപ്പോൾ വംശീയാക്രമണം നേരിടേണ്ടിവന്നു. അന്ന് ഫ്രഞ്ച് ടീം ആകെ ഒപ്പം നിന്നു. വംശീയ വിവേചനത്തിനെതിരെ ക്രിക്കറ്റ് താരങ്ങൾ ഗ്രൗണ്ടിൽ മുട്ടുകുത്തി പ്രതിഷേധിക്കുന്ന കാലമാണിത്.

കളിക്കളങ്ങൾ വർഗീയവും വംശീയവും ജാതീയവുമായ എല്ലാ സങ്കുചിതത്വങ്ങൾക്കുമതീതമായ മാനവികതയും സൗഹൃദവും പുലർത്തേണ്ട ഇടങ്ങളാണ്. എന്നാൽ ഇന്ത്യയിലെ വർഗീയവൽക്കരിക്കപ്പെട്ട, പകയുടെയും വിദ്വേഷത്തിന്‍റെയും അന്തരീഷം കളിക്കളങ്ങളിലേക്കും പടരുന്നത് പതിവായിരിക്കുന്നു. ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീമിലെ ദലിതരായ കളിക്കാരും വീട്ടുകാരും വരെ ജാതീയ അധിക്ഷേപത്തിനിരയായത് നാം കണ്ടതാണ്.

also read: 'മതത്തിന്‍റെ പേരിൽ ആക്രമിക്കുന്നവർ നട്ടെല്ലില്ലാത്തവർ'; ഷമിയെ തുണച്ച് വിരാട് കോലി

അന്ന് ദലിതരടങ്ങിയ ഇന്ത്യൻ ടീമിന്‍റെ തോൽവി പടക്കം പൊട്ടിച്ച് ആഘോഷിച്ച രാജ്യസ്നേഹികളാണ് പാകിസ്ഥാനോടുള്ള തോൽ‌വിയിൽ 'രാജ്യദ്രോഹം' ആരോപിച്ച് മുഹമ്മദ് ഷമിക്കെതിരായി സൈബറാക്രമണം നടത്തുന്നത് എന്നോർക്കണം.

ഗൗരി ലങ്കേഷിന്‍റെ ക്രൂരമായ വധം ആഘോഷിച്ചവർ തന്നെയാണിപ്പോൾ വിരാട് കോലിയുടെ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിന് ബലാൽസംഗ ഭീഷണി ഉയർത്തിയിരിക്കുന്നത്. ഈ രാജ്യസ്നേഹികളെല്ലാം കൂടി എങ്ങനെയൊക്കെയാണ് ഇന്ത്യയെ അധഃപതിപ്പിക്കുന്നത്?

ഇവിടെയാണ് വിരാട് കോലി എന്ന നായകന്‍റെ നിലപാട് ചരിത്രത്തിൽ ഇടം പിടിക്കുന്നത്. ബഹുസ്വര ഇന്ത്യ എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുന്നതാണ് ഷമിയെ പിന്തുണച്ച കോലിയുടെ നിലപാട്. അതാണ് രാജ്യസ്നേഹപരമായ നിലപാട്. കോലിയെ ചൊല്ലി അഭിമാനിക്കുന്നു. ആ നിലപാടിനെ പിന്തുണക്കുന്നു.

ABOUT THE AUTHOR

...view details