തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ ആരോപണത്തിന്‍റെ പേരില്‍ പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ പഴയ ലേബല്‍ പതിപ്പിച്ച് പ്രതിപക്ഷം വില്‍പ്പന നടത്താന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. ഇതിന് പുതുമ നല്‍കാന്‍ ഇ.ഡിയെ കൂട്ടുപിടിക്കുകയാണ് പ്രതിപക്ഷം. ലൈഫ് മിഷന്‍ പദ്ധതിയുടെ പൊതുനിയമാവലിക്ക് അനുസൃതമായി 2019 ജൂലൈ 11ന് യു.എ.ഇ റെഡ് ക്രസന്‍റ് എന്ന ഏജന്‍സിയുമായി ലൈഫ് മിഷന്‍ പൊതു ധാരണാപത്രം ഒപ്പിട്ടു.
പദ്ധതിയുടെ കരാറുകാരെ തിരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാരിനോ ലൈഫ് മിഷനോ അല്ല റെഡ് ക്രസന്‍റിനാണ് ചുമതല. പദ്ധതിയില്‍ സര്‍ക്കാരിനോ ലൈഫ് മിഷനോ ഒരു സാമ്പത്തിക ബാധ്യതയുമില്ല. കരാറുകാരായ യൂണിടാക്ക് കമ്പനി കമ്മിഷന്‍ നല്‍കിയതിലും ലൈഫ് മിഷന് പങ്കില്ല.
ഇതില്‍ ഏതെങ്കിലും പൊതുസേവകന് പങ്കുണ്ടോ എന്ന കാര്യം സംസ്ഥാന വിജിലന്‍സ് പരിശോധിച്ചു വരികയാണ്. യുഎഇ റെഡ് ക്രസന്‍റ് അവരുടേതായ നിലയില്‍ നല്‍കിയ കരാര്‍ സംബന്ധിച്ച് ഏതന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണ്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരാരും ഇതുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയിട്ടില്ല.
ലൈഫ് മിഷന്‍റെ നിബന്ധന പ്രകാരം റെഡ് ക്രസന്‍റ് മുന്നോട്ടുവെച്ച വാഗ്‌ദാനം ലൈഫ് മിഷന്‍ സ്വീകരിക്കുക മാത്രമാണ് ചെയ്‌തത്. കേസുമായി ബന്ധപ്പെട്ട 17 ഫയലുകള്‍ സിബിഐ ഏറ്റെടുത്തു. ഇത് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. പദ്ധതിയുടെ തുടക്കം മുതല്‍ ലൈഫ് പദ്ധതിയെ തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു. കുറെ നാളുകളായി ലൈഫ് എന്ന പുരയുടെ പുറകേയാണ് യുഡിഎഫ്. അതിന്‍റെ ഭാഗമായാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് അധികാരത്തില്‍ വന്നാല്‍ ലൈഫ് പദ്ധതി നിര്‍ത്തലാക്കും എന്ന് യുഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിച്ചത്.
പദ്ധതി അട്ടിമറിക്കാന്‍ അന്ന് സിബിഐ സമീപിച്ച് സ്വന്തം നാട്ടുകാരുടെ സ്വപ്‌നം ഇല്ലാതാക്കാന്‍ ശ്രമിച്ച വടക്കാഞ്ചേരി എംഎല്‍എ പിന്നീട് സഭ കണ്ടിട്ടില്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുന്നു എന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഇ.ഡിയും സിബിഐയും വേദവാക്യമാണ്. ഗാന്ധിജി എഴുതിയ സത്യാന്വേഷണ പരീക്ഷണങ്ങള്‍ വായിക്കാന്‍ തയ്യാറായില്ലെങ്കിലും, സോണിയാഗാന്ധി ഇ.ഡിക്കെതിരെ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലെഴുതിയ ലേഖനമെങ്കിലും വായിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണം. കേരളത്തില്‍ രണ്ടു കോണ്‍ഗ്രസ് ഉണ്ടോ എന്നതും സംശയമാണെന്നും രാജേഷ് പറഞ്ഞു.